ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കു മേലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോക്‌സോ നിയമ ബില്ല് ഭേദഗതിക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതിക്കാണ് ഇന്നു ചേര്‍ന്ന ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.
കഠ്‌വ കൊലപാതക കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സ്ത്രീകളുടേയും കുട്ടികളുടേയും വികസന വകുപ്പ് സുപ്രീം കോടതിയോട് ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നിലെയാണ് പുതിയ ഭേദഗതി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്.
ബലാത്സംഗ കേസുകളുടെ വിചാരണാ നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തി. ഇത് ജീവപര്യന്തമായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്യുന്നതോടെ ഇത് നിയമമാവുകയും ചെയ്യും. വര്‍ഷകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് ഇരുസഭകളും ബില്ല് പാസാക്കും.