തിരുവനന്തപുരം: വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ അടക്കമുളള സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കുന്നത്.
ടെക്‌സ്‌റ്റൈയില്‍ മേഖലയില്‍ ഇരിക്കാന്‍ അനുവദിക്കാതെ 12 മണിക്കൂറോളം സ്ത്രീകള്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഇത്രയും മണിക്കൂര്‍ ജോലി ചെയ്യുമ്പോഴും അവര്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. തങ്ങള്‍ക്ക് ഇരിപ്പിടം നല്‍കണമെന്ന് ആവശ്യപ്പെട്ട് തുണിക്കടകളിലെ ജീവനക്കാര്‍ ഏറെക്കാലം സമരം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് തൊഴില്‍ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും നിയമത്തില്‍ ഭേദഗതി വരുത്താനുളള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തത്.
പുതിയ നിയമ ഭേദഗതി പ്രകാരം ജീവനക്കാര്‍ക്ക് കസേര ഉറപ്പാക്കാനുളള ബാധ്യത തൊഴിലുടമക്കാണ്. ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ പിഴ നല്‍കണം. തൊഴിലുടമ നല്‍കേണ്ടിയിരുന്ന പിഴ 5000 രൂപയായിരുന്നത് ഒരു ലക്ഷമാക്കി. 10000 എന്നത് രണ്ടു ലക്ഷമാക്കി. ലൈംഗിക പീഡനം തടയാനുളള കര്‍ശന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. ഈ അഞ്ചു പേരില്‍ രണ്ടു സ്ത്രീകളെങ്കിലുമുണ്ടായിരിക്കണം. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം. നിലവിലെ നിയമപ്രകാരം രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ ആറ് മണിവരെയുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല. ഈ വ്യവസ്ഥ ഒഴിവാക്കിയാണ് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് സ്ത്രീകളെ രാത്രിയില്‍ ജോലിക്ക് നിയോഗിക്കാനുളള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നത്. നിയമഭേദഗതി ഗവര്‍ണറുടെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കും.