X
    Categories: CultureViews

റോപ്‌വേക്കു മുകളില്‍ മരം വീണു; കശ്മീരില്‍ ഏഴു മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്‌വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് കടപുഴകിയ മരം റോപ്പ്‌വേയിലേക്ക് വീണതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ നിന്നുള്ള ജയന്ത് അന്ദ്രാസ്‌കര്‍, ഭാര്യ മനീഷ അന്ദ്രാസ്‌കര്‍, മക്കളായ അനഘ ജാന്‍വി, കശ്മീരിലെ ഗൈഡുമാരായ മുഖ്താര്‍ അഹ്മദ്, ജഹാംഗീര്‍ അഹ്മദ്, ഫാറൂഖ് അഹ്മദ് ചോപന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 150-ലേറെ പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ബറാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗിലെ റോപ് വേ കേബിള്‍ കാറില്‍ വര്‍ഷം തോറും ലക്ഷക്കണക്കിനാളുകളാണ് സഞ്ചരിക്കാറുള്ളത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഉത്തരവിട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയ മഹ്ബൂബ, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ രണ്ടു പേരെ ശ്രീനഗറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കനത്ത കാറ്റുണ്ടായിട്ടും റോപ് വേ സര്‍വീസ് നിര്‍ത്തിവെക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല ചോദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: