X
    Categories: indiaNews

സിഎഎ ഉടന്‍ നടപ്പാക്കും; മഹാമാരിക്കിടെ ‘യുദ്ധപ്രഖ്യാപനം’ നടത്തി ബിജെപി

ന്യൂഡല്‍ഹി: രാജ്യം കോവിഡ് മഹാമാരിയുടെ ദുരന്ത മുഖത്ത് നില്‍ക്കുന്ന വേളയിലും വിവാദ പ്രസ്താവനയുമായി കളം നിറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ വൈകില്ല എന്നാണ് നദ്ദയുടെ പ്രഖ്യാപനം. കോവിഡ് മഹാമാരി മൂലമാണ് നിയമം നടപ്പാക്കാന്‍ വൈകിയത് എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘കോവിഡ് 19 മഹാമാരി മൂലമാണ് സിഎഎ നടപ്പാക്കുന്നത് വൈകിയത്. എന്നാല്‍ സാഹചര്യങ്ങള്‍ മെല്ലെ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിഎഎ ഉടന്‍ നടപ്പാക്കുക തന്നെ ചെയ്യും’ – അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രമാണ് മമത പയറ്റുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടിഎംസിയെ പോലെയല്ല ബിജെപി. എല്ലാവരുടെയും വികസനമാണ് ബിജെപിയുടെ ലക്ഷ്യം- അദ്ദേഹം അവകാശപ്പെട്ടു.

2019 ഡിസംബര്‍ 11നാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തുടനീളമുള്ള പ്രക്ഷോഭങ്ങള്‍ക്കിടെ ആയിരുന്നു സര്‍ക്കാര്‍ വിവാദ നിയമവുമായി മുമ്പോട്ടു പോയിരുന്നത്. പതിറ്റാണ്ടുകള്‍ക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് സിഎഎയ്‌ക്കെതിരെ രാജ്യത്ത് അരങ്ങേറിയിരുന്നത്. പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മൂന്നു മാസത്തെ സമയം വേണമെന്ന് സര്‍ക്കാര്‍ പാര്‍ലെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചിരുന്നു.

 

Test User: