X
    Categories: indiaNews

സിഎഎ നടപ്പാക്കും, അതു ഞങ്ങളുടെ ചുമതല- ബംഗാളില്‍ വര്‍ഗീയക്കാര്‍ഡിറക്കി അമിത് ഷാ

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പശ്ചിമബംഗാളില്‍ വര്‍ഗീയക്കാര്‍ഡ് പുറത്തെടുത്ത് ബിജെപി. വിവാദമായ പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പാര്‍ട്ടി പ്രചാരണങ്ങള്‍ക്കായി ഇവിടെയെത്തിയ അമിത് ഷാ വ്യക്തമാക്കിയത്. അതു തങ്ങളുടെ ചുമതലയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഇതേ കാര്യം ഉന്നയിച്ചിരുന്നു. ഇതോടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമം ചൂടേറിയ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി. തദ്ദേശീയര്‍ക്കിടയില്‍ ബംഗാളി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ വികാരമുണ്ടാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഈ പ്രചാരണം വോട്ടാക്കി മാറ്റാം എന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

സംസ്ഥാനത്തെ തൃണമൂല്‍ സര്‍ക്കാറിനെയും അമിത് ഷാ നിശിതമായി വിമര്‍ശിച്ചു. പത്തു വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കും കഴിഞ്ഞില്ല. അവരുടെ വാഗ്ദാനങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. പ്രതീക്ഷകള്‍ ഭരണകക്ഷിക്കെതിരെയുള്ള ദേഷ്യമായി മാറിയിരിക്കുകയാണ്- ഷാ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പോടിയായുള്ള ദ്വിദിന സന്ദര്‍ശനത്തിനാണ് അമിത് ഷാ സംസ്ഥാനത്തെത്തിയത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ്, പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ ഷാക്ക് ഒപ്പമുണ്ട്. ഏപ്രില്‍-മെയ് മാസത്തിലായിരിക്കും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്.

Test User: