കോഴിക്കോട്: പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ചുമത്തപ്പെട്ട പിഴ സംഖ്യ മുസ്‌ലിം യൂത്ത് ലീഗ് വിതരണം ചെയ്യും. പ്രക്ഷോഭത്തില്‍ പങ്കാളികളായവരുടെ പേരില്‍ പൊലീസ് ചുമത്തിയ കേസുകള്‍ പിന്‍വലിക്കും എന്ന പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കാത്തതിനാല്‍ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ലക്ഷക്കണക്കിന് രൂപ പിഴ അടക്കേണ്ടി വന്ന സാഹചര്യത്തിലാണ് പിഴ സംഖ്യ വിതരണം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
നാളെ രാവിലെ 11മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ തുക വിതരണം ചെയ്യും. ജനകീയ സമാഹാരണത്തിലൂടെ ട്വന്റി റുപ്പീസ് ചലഞ്ച് എന്ന പേരിലാണ് മുസ്‌ലിം യൂത്ത് ലീഗ് ഈ തുക സമാഹരിച്ചത്. ജില്ല കമ്മിറ്റി മുഖാന്തിരം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ആണ് വിവിധ ഘടകങ്ങള്‍ക്ക് തുക നല്‍കുന്നത്.
പൗരത്വ പ്രക്ഷോഭത്തില്‍ പങ്കാളികളായവരുടെ പേരില്‍ പൊലീസ് ചുമത്തിയ കേസ്സുകള്‍ പിന്‍വലിക്കും എന്ന പ്രഖ്യാപനത്തിലൂടെ വോട്ട് നേടി അധികാരത്തിലേറിയതിന് ശേഷം സര്‍ക്കാര്‍ മലക്കംമറിഞ്ഞിരിക്കുകയാണ്. പൗരത്വ വിഷയത്തില്‍ സി.പി.എം പുലര്‍ത്തുന്ന ഇരട്ടതാപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഏത് സമയത്തും കേസ് പിന്‍വലിക്കാവുന്നതാണ്. സി.പി.എം നേതാക്കള്‍ പ്രതികളായ പല കേസ്സുകള്‍ പിന്‍വലിക്കുകയും കോടി കണക്കിന് രൂപ കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ആണ് പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭീമമായ പിഴ സംഖ്യ ഈടാക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.