സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.
കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.