ന്യൂഡല്‍ഹി: മുസ്്‌ലിം ലീഗിന് പിന്നാലെ ഡി.എം.കെയും പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തിന്റെ മതേതര ഘടനക്കും ഭരണഘടനാ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണ് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നതാണ് നിയമം. ഇന്ത്യയില്‍ തങ്ങുന്ന ഇന്ത്യന്‍ വംശജരായ ശ്രീലങ്കന്‍ തമിഴരില്‍ നിയമം അരക്ഷിത ബോധം സൃഷ്ടിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം നിയമ പ്രശ്‌നങ്ങളുള്ളതാണ്.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന് മാത്രം വരുന്ന ഹിന്ദു, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്തവ എന്നിങ്ങനെ ആറ് മത വിഭാഗങ്ങള്‍ക്ക് മാത്രമായി പൗരത്വം നല്‍കുന്നത് നിയമം പരിമിതപ്പെടുത്തുന്നു. മുസ്‌ലിംകളെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. ഇത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. മതന്യൂനപക്ഷങ്ങള്‍ എന്ന പരിഗണന കണക്കിലെടുത്താലും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള ഇന്ത്യന്‍ വംശജരായ തമിഴര്‍ ഇതിന്റെ പരിധിയില്‍ വരും. മതപരമായ പീഡനത്തെതുടര്‍ന്നാണ് ഇവരും രാജ്യം അഭയാര്‍ത്ഥികളായത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ മതം മാത്രമാണ് പൗരത്വം നല്‍കുന്നതിനും നല്‍കാതിരിക്കുന്നതിനും മാനദണ്ഡമാക്കുന്നത്.
അതുകൊണ്ടുതന്നെ ഇത് ഭരണഘടനക്ക് വിരുദ്ധവും രാജ്യത്തിന്റെ മതേതര ചട്ടക്കൂട് തകര്‍ക്കുന്നതുമാണ്. മുസ്‌ലിംകളെ മാത്രം ഒഴിച്ചു നിര്‍ത്തുന്നതിന് യാതൊരു ന്യായീകരണവും കാണുന്നില്ല. അതിനാല്‍ നിയമം റദ്ദാക്കണമെന്നും ഡി.എം.കെക്കു വേണ്ടി ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.എസ് ഭാരതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പൗരത്വ നിയമം ചോദ്യം ചെയ്ത് 200ലധികം പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. ഇതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജി മുഖ്യ ഹര്‍ജിയായി പരിഗണിക്കാന്‍ കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു. നിയമം ചോദ്യം ചെയ്ത് കേരള സര്‍ക്കാറും നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.