X

രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹപരമായ നിയമമാണ് സി.എ.എ: വി.ടി ബൽറാം

രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹപരമായ നിയമമാണ് സി.എ.എ എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. രാജ്യത്തിന്റെ അടിത്തറ തന്നെ മാന്തുന്ന നിയമമാണ് ഇത്. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് അധികാരത്തിലെത്താനാവൂ.

ചരിത്രത്തിലാദ്യമായി മതം പൗരത്വത്തിന്റെ മാനദണ്ഡമായി മാറുകയാണ്. മുസ്ലിംകളെ ഒഴിവാക്കി മറ്റുള്ളവരെ പൗരത്വത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തിന്റെ അടിത്തറ തന്നെ മാന്തുന്നതിന് തുല്യമാണെന്നും ബല്‍റാം പറഞ്ഞു.

ഇന്ത്യയെന്ന സങ്കല്‍പ്പത്തെ മോദി അട്ടിമറിക്കുകയാണ്. മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ഒരു നരേന്ദ്ര മോദിയേയും അനുവദിക്കില്ല. തെരഞ്ഞെടുപ്പിലൂടെ മോദിയെ കോണ്‍ഗ്രസ് താഴെയിറക്കും.

മോദി നാണംകെട്ട രാജ്യദ്രോഹിയായ ഭരണാധികാരിയാണ്. സി.എ.എ ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ നിയമമല്ല. രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായ നിയമമാണ്. രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമായ നിയമമാണെന്നും ബല്‍റാം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് പോലും സി.എ.എ പ്രകാരം പൗരത്വം നല്‍കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍നിന്ന് ആരും ഇന്ത്യയിലേക്ക് വന്നിട്ടില്ല. എന്നാല്‍ ശ്രീലങ്കയില്‍നിന്നും മ്യാന്‍മറില്‍നിന്നും നിരവധിപേര്‍ ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. അവരെയൊന്നും പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കിയില്ലെന്ന് പച്ചക്ക് പറഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുന്നതെന്നും ബല്‍റാം പറഞ്ഞു.

 

webdesk13: