X

സി.എ.എ ഏറ്റില്ല; ബംഗാളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമ്പോള്‍ ബി.ജെ.പി നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ട പ്രധാന സംസ്ഥാനമായിരുന്നു ബംഗാള്‍. മാര്‍ച്ച് 11ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സി.എ.എ നിയമാവലി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. പാര്‍ലമെന്റ് നിയമം പാസാക്കി നാല് വര്‍ഷത്തിന് ശേഷമാണ് നിയമാവലി പുറത്തിറക്കിയത്.

ബംഗാളില്‍ സി.എ.എ തുണയ്ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ ആകെയുള്ള 42 മണ്ഡലങ്ങളില്‍ 12 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 29 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടി.

സി.എ.എയുടെ പ്രധാന ഗുണഭോക്താക്കളായ മാതുവ, നാമശുദ്ര സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള 11 മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. ഇതില്‍ നാലിടത്ത് മാത്രമാണ് ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കാനായത്. ബാക്കി മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് വിജയിച്ചത്.

ബംഗാളില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധം സി.എ.എ ആയിരുന്നു. നിയമങ്ങളില്‍ ജനങ്ങള്‍ക്ക് ജനങ്ങള്‍ ആശങ്കയുള്ളതാണ് തിരിച്ചടിയായതെന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പൗരത്വം ലഭിക്കണമെങ്കില്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണെന്നതിന്റെ തെളിവായി ഏതങ്കിലും ഒരു രേഖ ഹാജരാക്കണം. എന്നാല്‍ ഭൂരിഭാഗം ആളുകളും ഒരു രേഖയുമില്ലാതെയാണ് ഇന്ത്യയിലേക്ക് വന്നത്. അവരോട് രേഖ ആവശ്യപ്പെട്ടത് വലിയ തിരിച്ചടിയായെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

പൗരത്വ നിയമത്തെക്കുറിച്ച് ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് വിജയിക്കാനാവാത്തതാണ് തിരിച്ചടിയായതെന്ന് മറ്റൊരു ബി.ജെ.പി നേതാവ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഇതില്‍ വിജയിച്ചു. കുടിയേറിയവരില്‍ ഭൂരിഭാഗത്തിനും വോട്ടര്‍ ഐ.ഡി കാര്‍ഡും പാസ്പോര്‍ട്ടുമുണ്ട്. പിന്നെ എന്തിനാണ് പൗരത്വം നേടുന്നത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

webdesk13: