ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്‍(യു.എസ്.സി.ഐ.ആര്‍.എഫ്). മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചത്.ഇന്ത്യയില്‍ അഭയം തേടുന്നവര്‍ക്കിടയില്‍ സി.എ.എ മതം കൊണ്ടുവരുന്നുവെന്നും നിയമം മുസ്‌ലിംകളെ പുറത്തുനിര്‍ത്തുന്നുവെന്നും യു.എസ് മതസ്വാതന്ത്ര്യ കമ്മീഷണര്‍ സ്റ്റീഫന്‍ ഷ്‌നെക്ക് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നിയമം യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നതെങ്കില്‍, അതില്‍ ബര്‍മ്മ(മ്യാന്മര്‍)യില്‍ നിന്നുള്ള റോഹിങ്ക്യന്‍ മുസ്‌ലിംകളും പാകിസ്താനില്‍ നിന്നുള്ള അഹമ്മദിയ മുസ്‌ലിംകളും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹസാര ഷിയയും ഉള്‍പ്പെടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീലങ്കയില്‍നിന്നുള്ള തമിഴ് അഭയാര്‍ത്ഥികളും ചൈനയില്‍ നിന്നുള്ള ഉയ്ഗൂര്‍, തുര്‍ക്കിക് മുസ്‌ലിംകളും അടക്കം മുസ്‌ലിം ഇതര ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ പൗരത്വം നിയമത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.’സിഎഎ നിയമം പാസാക്കി വന്ന് നാല് വര്‍ഷത്തിലേറെയായി, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍ തുടങ്ങി നിരവധി വിദ്യാര്‍ഥി ആക്ടിവിസ്റ്റുകള്‍ സമാധാനപരമായി പ്രതിഷേധിച്ചതിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യു.എ.പി.എ) നിയമപ്രകാരം ഇപ്പോഴും ജയിലില്‍ കഴിയുന്നു’വെന്ന് യു.എസ്.സി.ഐ.ആര്‍.എഫ്. കമ്മീഷണര്‍ ഡേവിഡ് കറി ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വാദിച്ചതിന് ഏകപക്ഷീയമായി തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെടണമെന്നും യു.എസ്.സി.ഐ.ആര്‍.എഫ് യുഎസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.