മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മുറുകുന്നു. കരാര്‍ പുതുക്കാനും ശമ്പളം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു കൊണ്ടുള്ള തന്റെ ആവശ്യത്തിനു മുന്നില്‍ റയല്‍ മാഡ്രിഡ് നിസ്സംഗത പാലിക്കുന്നത് പോര്‍ച്ചുഗീസ് താരത്തെ ചൊടിപ്പിച്ചതായി റയലുമായി അടുത്ത ബന്ധമുള്ള സ്പാനിഷ് മാധ്യമം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക ഫുട്‌ബോളില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരന്‍ താനായിരിക്കണം, 2021 വരെയുള്ള നിലവിലെ കരാര്‍ ദീര്‍ഘിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് താരം മുന്നോട്ടു വെക്കുന്നത്. നേരത്തെ ഇവ തത്വത്തില്‍ അംഗീകരിച്ച മാനേജ്‌മെന്റ് ഇപ്പോള്‍ കാത്തിരിക്കാനാണ് താരത്തോട് ആവശ്യപ്പെടുന്നതെന്ന് മാര്‍ക്ക പറയുന്നു.
കഴിഞ്ഞ വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവില്‍ ക്രിസ്റ്റ്യാനോ റയല്‍ വിടാനുള്ള സന്നദ്ധത പരസ്യമാക്കിയിരുന്നു. സ്‌പെയിനിലെ നികുതി വെട്ടിപ്പ് കേസില്‍ മനംമടുത്തായിരുന്നു ഇത്. ഈ സമയത്ത് ക്രിസ്റ്റ്യാനോയെ ടീമില്‍ പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടി, പോര്‍ച്ചുഗീസ് താരം മുന്നോട്ടുവെച്ച ഉപാധികള്‍ ക്ലബ്ബ് അംഗീകരിച്ചിരുന്നു.
ആറു മാസം മുമ്പ് ലയണല്‍ മെസ്സിയുമായുള്ള കരാര്‍ പുതുക്കിയ ബാര്‍സലോണ അര്‍ജന്റീനാ താരത്തിന്, റയല്‍ ക്രിസ്റ്റിയാനോക്ക് നല്‍കിയതിനേക്കാള്‍ ഇരട്ടിയോളമാണ് വേതനം നല്‍കുന്നത് എന്ന വാര്‍ത്ത ഈയിടെയാണ് ‘ഫുട്‌ബോള്‍ ലീക്ക്‌സ്’ പുറത്തുവിട്ടത്. പാരിസ് സെന്റ് ജര്‍മന്‍ ബ്രസീലിയന്‍ താരം നെയ്മറിനും വന്‍ തുക നല്‍കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇവരേക്കാള്‍ ശമ്പളം ലഭിക്കുന്ന വ്യവസ്ഥയുള്ള പുതിയ കരാര്‍ ഒപ്പുവെക്കാന്‍ ക്രിസ്റ്റ്യാനോ ക്ലബ്ബിനെ നിര്‍ബന്ധിക്കുന്നത്.
എന്നാല്‍, ലാലിഗയില്‍ മോശം ഫോമിലാവുകയും കഴിഞ്ഞ വര്‍ഷം നേടിയ കിരീടം നിലനിര്‍ത്തുക എന്നത് ഏറെക്കുറെ അസാധ്യമാവുകയും ചെയ്തതോടെ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുക എന്നതിനാണ് റയല്‍ മാനേജ്‌മെന്റ് പ്രാധാന്യം നല്‍കുന്നത്. ജനുവരി ട്രാന്‍സ്ഫറില്‍ മികച്ച താരങ്ങളെ ക്ലബ്ബിലെത്തിച്ച് ശക്തി വീണ്ടെടുക്കുകയാണ് ടീമിന്റെ പ്രഥമ പരിഗണന എന്ന് റയലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. നെയ്മറിനെ പി.എസ്.ജിയില്‍ നിന്ന് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. മൗറോ ഇക്കാര്‍ഡി, പൗളോ ഡിബാല എന്നിവരെയും റയല്‍ ലക്ഷ്യമിടുന്നുണ്ട്.
ഏജന്റ് വഴി തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിട്ടും റയല്‍ മാനേജ്‌മെന്റ് ഇതുവരെ ക്രിസ്റ്റ്യാനോക്ക് കൃത്യമായ ഒരു മറുപടി നല്‍കിയിട്ടില്ല. നിലവിലെ കരാറില്‍ തുടരാനും ഭാവിയില്‍ സംസാരിക്കാമെന്നുമാണ് താരത്തിന് ക്ലബ്ബ് നല്‍കുന്ന മറുപടി. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം അനിവാര്യമാണെന്നും ക്ലബ്ബ് കണക്കുകൂട്ടുന്നുണ്ട്.