ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ഒരു സാമ്പത്തിക ദുരന്തമായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്‍. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ മുന്‍ ഗവര്‍ണറുടെ പ്രതികരണം. കള്ളപ്പണം ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. എന്നാല്‍ അത് ശരിയായ രീതിയിലല്ല നടപ്പിലാക്കിയത്. പുതിയ കറന്‍സികള്‍ ശരിയാക്കി വെച്ചിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. എല്ലാ പ്രശ്നവും ഉണ്ടായത് പഴയ കറന്‍സികള്‍ കൈമാറുകയും പുതിയ കറന്‍സികള്‍ കിട്ടാതിരിക്കുകയും ചെയ്തത് കൊണ്ടാണ്. ഇത് മൂലം വലിയ വിഭാഗം ചെറുകിട ഇടത്തരം വരുമാനക്കാരുടെ ജോലി നഷ്ടപ്പെട്ടു. നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കിയാലും ഇല്ലെങ്കിലും അതിന്റെ നടത്തിപ്പ് വളരെ മോശമായിരുന്നു. ഞാന്‍ കരുതുന്നത് അതൊരു ദുരന്തമായിരുന്നു . തീര്‍ച്ചയായും അത് ഭരണപരമായ മണ്ടത്തരമാണ് രംഗരാജന്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇതിന് കാരണമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രതികരിച്ചിരുന്നു. രാജ്യത്തെ പല കമ്പനികളും ലേ ഓഫ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സി.രംഗരാജന്റെ പ്രതികരണം.
നോട്ട് നിരോധനം ഭരണപരമായ മണ്ടത്തരമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രംഗരാജന്‍
Tags: currency crisis