X

ഹജ്ജ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം: വിശദീകരണവുമായി സി. മുഹമ്മദ് ഫൈസി

 

മലപ്പുറം: ഹജ്ജ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്ന ആരോപണങ്ങളെ നേരിടാന്‍ സഹായിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് പരിഗണനയില്ലെന്ന ആക്ഷേപം പല മേഖലയില്‍ നിന്നും കാലങ്ങളായി ഉയരുന്നതാണ്. എന്നാല്‍ ഇത്തരം കമ്മിറ്റികളില്‍ സ്ത്രീകളുടെ സാനിധ്യമുണ്ടാവുമ്പോള്‍ തെറ്റിദ്ധാരണകളെ മാറ്റി നിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലാബിന്റെ അതിഥി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങളുള്‍പ്പെടെ പല അധികാര കേന്ദ്രങ്ങളിലും സ്ത്രീ സംവരണം നിര്‍ബന്ധമാക്കിയ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ ഹജ്ജ് കമ്മിറ്റിയിലും വനിതകളുടെ പ്രാതിനിധ്യം സ്വാഭാവികം മാത്രമാണ്. ഇത് വിവാദമാക്കേണ്ട ആവശ്യമില്ലന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഹാജിമാര്‍ 12 മുതല്‍ തിരിച്ചെത്തി തുടങ്ങും. അവരെ സ്വീകരിക്കുന്നതിനാവശ്യാമായ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. എയര്‍ പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന് നാളെ ഇതു സംബന്ധിച്ച് നെടുമ്പാശ്ശേരിയില്‍ യോഗം ചോരും. ഹജ്ജ് യാത്ര ചെലവ് കുറക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. അടച്ചിട്ട കരിപ്പൂര്‍ ഹജ്ജ് ഹൗസ് കെട്ടിടത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് വിവിധ പരിശീലന പരിപാടികള്‍ സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുമെന്നും സി. മുഹമ്മദ് ഫൈസി പറഞ്ഞു.

chandrika: