കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ച് സി.ഐ.ടി.യു നേതാവിനെ കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചു. കയറ്റിറക്ക് തൊഴിലാളികള്‍ മോചിപ്പിച്ച പ്രതിയെ വീണ്ടും പിടിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ സി.ഐ.ടി.യുക്കാര്‍ ആക്രമണം നടത്തി. സംഭവത്തില്‍ രണ്ട് എസ്.ഐമാര്‍ക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇവരെ കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രാഫിക് പൊലീസും സിഐടിയു പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പരുക്കേറ്റ എസ്.ഐ കസബ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാന്‍ കസബ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പോയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു.
അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സി.ഐ.ടി.യു നേതാവിനെ തൊഴിലാളികള്‍ ബലമായി മോചിപ്പിച്ചു. പൊലീസിനെ മര്‍ദിച്ച ഒരാളെ പിന്നിട് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. എന്നാല്‍, കസ്റ്റഡിയിലെടുത്തയാളെ പൊലീസ് വഴിയില്‍ വെച്ച് മര്‍ദിച്ചെന്ന് സി.ഐ.ടി.യു നേതാക്കള്‍ ആരോപിച്ചു.