തിരുവനന്തപുരം: കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 2017-18 അധ്യയന വര്‍ഷം സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി (പുതിയവയും പുതുക്കലും) അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടാം ഘട്ടമായി ഒരവസരം കൂടി നല്‍കുന്നു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപാ വീതവും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാവുന്നത്.
കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യവര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും കുടുംബ വാര്‍ഷിക വരുമാനം ആറുലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 30. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി അയക്കേണ്ട വിലാസം ഡയരക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം 33. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2302090, 2300524 എന്ന നമ്പറില്‍ ബന്ധപ്പെടണം.