X

‘ധനമന്ത്രിക്കെന്താ കൊമ്പുണ്ടോ’ വി.എസിനും തോമസ് ഐസക്കിനുമെതിരെ ആഞ്ഞടിച്ച് സി.ദിവാകരന്‍


തിരുവനന്തപുരം: വി.എസ്. സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകള്‍ പിടിച്ചുവെക്കാറുണ്ടായിരുന്നുവെന്നും സി.പി.ഐ മന്ത്രിമാരെ തഴയുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും മുന്‍ മന്ത്രി സി.ദിവാകരന്‍. ധനമന്ത്രിക്കെന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് പ്രതിഷേധിച്ച് ഫയലുകള്‍ എടുത്തെറിയേണ്ടി വന്നിട്ടുണ്ടെന്നും ദിവാകരന്‍ വെളിപ്പെടുത്തി. ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌ക്കണവുമായി ബന്ധപ്പെട്ട ഫയല്‍ ധനമന്ത്രി തഞ്ഞുവെച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിലാണ് താന്‍ ഫയല്‍ വലിച്ചെറിഞ്ഞത്. റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.സാജുവിന്റെ അനുസ്മരണയോഗത്തിലായിരുന്നു സി.ദിവാകരന്റെ വെളിപ്പെടുത്തല്‍. വി.എസ്.സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയില്‍നിന്നുള്‍പ്പെടെ സി.പി.ഐ മന്ത്രിമാര്‍ക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന ആക്ഷേപം അന്നേ ശക്തമായിരുന്നു. സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായിരുന്ന അക്കാലത്ത് വി.എസിനോടായിരുന്നു സി.പി.ഐക്ക് താല്‍പര്യം.അതിന്റെ അമര്‍ഷം ധനകാര്യമന്ത്രി ഉള്‍പ്പെടെയുള്ള പിണറായി പക്ഷക്കാരായ മന്ത്രിമാര്‍ സി.പി.ഐ മന്ത്രിമാരോട് തീര്‍ത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്നത്തെ ഒരു സി.പി.ഐ മന്ത്രി തന്നെ പരസ്യമായ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത് ആദ്യമാണ്. വി.എസ്.മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിമായിരുന്നു ദിവാകരന്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷവും സി.പി.എമ്മിനെയും പിണറായിയെയും വിമര്‍ശിക്കുന്നതില്‍ പിശുക്കുകാട്ടാതിരുന്ന സി.പി.ഐ നേതൃത്വം അടുത്തകാലത്ത് നിലപാട് മാറ്റി പിണറായിയോട് അമിത വിധേയത്വം കാട്ടുന്നതായി വിമര്‍ശനുമുണ്ട്. സി.പി.ഐയുടെ ഈ നിലപാടുമാറ്റവും ദിവാകരന്റെ പ്രസംഗത്തില്‍ നിഴലിച്ചു. വി.എസ്.അദ്ധ്യക്ഷനായ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും ദിവാകരന്‍ ചോദിച്ചു.

web desk 1: