X
    Categories: keralaNews

കെ.ടി ജലീലിന്റെ വിശ്വസ്തനായ സി.ആപ്റ്റ് മുന്‍ എംഡിയെ എല്‍ബിഎസ് ഡയരക്ടറാക്കാന്‍ നീക്കം

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ വിശ്വസ്തനായ സി.ആപ്റ്റ് മുന്‍ എംഡിയെ എല്‍ബിഎസ് ഡയരക്ടറാക്കാന്‍ നീക്കം. നിയമനത്തിനായി സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാനും എൽബിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മന്ത്രി കെ.ടി ജലീലിന്‍റെ നിര്‍ദേശാനുസരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസിന്‍റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഭേദഗതി അംഗീകരിച്ചത്.

നിലവിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിനു തുല്യമാണ് എൽബിഎസ് ഡയറക്ടറുടെ ശമ്പളം. എക്സിക്യൂട്ടീവ് കമ്മറ്റി  ഭേദഗതി അംഗീകരിച്ചതിന് പിന്നാലെ സർക്കാർ ഉത്തരവിറക്കിയേക്കുമെന്നാണ് സൂചന. എൽബിഎസ് ഡയറക്ടർക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശമ്പളഘടന നൽകാനും ചട്ടത്തിൽ പുതുതായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1976 ൽ കേരള സർക്കാർ സ്ഥാപിച്ച എൽ.ബി.എസ് സെന്‍ററില്‍ നാളിതു വരെ നിലനിന്നിരുന്ന ചട്ടങ്ങളാണ് വ്യക്തിഗത താത്പര്യങ്ങൾക്കായി ഭേദഗതി ചെയ്തത്.

സി-ആപ്റ്റ്‌ വഴി പാഴ്സൽ കടത്തിയതുമായി ബന്ധപ്പെട്ട്  എന്‍ഐഎ സംഘം ചോദ്യം ചെയ്ത വ്യക്തികൂടിയാണ് എം.അബ്ദുൾ റഹ്‌മാൻ. സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാർ, സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർമാർ എന്നിവരിൽനിന്ന് നിയമനം നടത്തണമെന്ന നിലവിലെ ചട്ടത്തിന് പകരം എൽ. ബി എസിനു കീഴിലുള്ള രണ്ട് സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് നിയമിക്കാനാണ് ഭേദഗതിയിൽ നിര്‍ദേശിച്ചിട്ടുള്ളത്. എൽ.ബി.എസ് സെന്‍ററിന്‍റെ തലപ്പത്ത് സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സീനിയർ പ്രിൻസിപ്പൽമാരെയോ ഐഎഎസ് ഉദ്യോഗസ്ഥന്മാരെയോ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നും ഡയറക്ടറുടെ യോഗ്യതകളിൽ ഇളവുവരുത്താനും ഭേദഗതി വരുത്താനുമുള്ള തീരുമാനം നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: