X
    Categories: indiaNews

ബിരേണ്‍ സിങ് തുടര്‍ന്നേക്കും; സാവന്തിന്റെ കാര്യം സംശയം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിലവിലെ മുഖ്യമന്ത്രി ബിരേണ്‍ സിങ് തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന. ഇക്കാര്യം ബി.ജെ.പി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവരാണ് ബിരേണ്‍ തുടരുമെന്ന സൂചന നല്‍കിയത്.

അതേസമയം ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ തുടരാന്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ ബി.ജെ.പി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിരേണ്‍ സിങും പ്രമോദ് സാവന്തും ഇന്നലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് രാജ്‌നാഥ് സിങുമായും ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദയുമായും ബിരേണ്‍ സിങ് കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയായിരുന്നു ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാന്‍ ബിരേണ്‍ സിങിന് കഴിയട്ടെയെന്ന രാജ്‌നാഥിന്റെ ആശംസ.

മണിപ്പൂരില്‍ ബി.ജെ.പിക്ക് വിജയം നേടിക്കൊടുത്തതില്‍ മോദിയും ബിരേണ്‍ സിങിനെ അനുമോദിച്ചിരുന്നു. അതേസമയം ഗോവയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതാണ് നേതൃമാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും അടുത്തയാഴ്ചയോടെ സത്യപ്രതിജ്ഞയുണ്ടാകും.

Test User: