ഡോ. അനില്‍ജോസ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോഴിക്കോട്.
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ ശോഷിക്കുകയോ ചെയ്യുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം എന്ന് വിശേഷിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിച്ച ശേഷം പിന്നിടുന്ന ഓരോ നിമിഷങ്ങളിലും ഹൃദയ പേശികള്‍ക്ക് നാശം സംഭവിച്ചുകൊണ്ടേ ഇരിക്കും. ഇത് ദീര്‍ഘസമയത്തേക്ക് നിലനില്‍ക്കുമ്പോള്‍ മരണം ഉള്‍പ്പെടെയുള്ള അവസ്ഥകളിലെത്തിച്ചേരും. ഈ അവസ്ഥയെ അതിജീവിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ രീതിയാണ് ബൈപാസ്സ് ശസ്ത്രക്രിയ. രക്തക്കുഴലില്‍ തടസ്സമുണ്ടായ ഭാഗത്തിന് ഇരുവശങ്ങളെയും ബന്ധിപ്പിച്ച് തടസ്സത്തെ അതിജീവിക്കാന്‍ സഹായകരമായ രീതിയില്‍ പുതിയ രക്തക്കുഴല്‍ തുന്നിപ്പിടിപ്പിക്കുകയാണ് ബൈപാസ്സ് ശസ്ത്രക്രിയയില്‍ നിര്‍വ്വഹിക്കുന്നത്. കാലില്‍ നിന്നെടുക്കുന്ന രക്തക്കുഴലുകളോ, നെഞ്ചില്‍ നിന്നോ കയ്യില്‍ നിന്നോ എടുക്കുന്ന രക്തക്കുഴലുകളോ ഇതിനായി ഉപയോഗിക്കും
എല്ലാ ബ്ലോക്കിനും ബൈപാസ്സ്
ശസ്ത്രക്രിയ ആവശ്യമാണോ?
അല്ല ഭൂരിഭാഗം ബ്ലോക്കുകളും ആന്‍ജിയോപ്ലാസ്റ്റി വഴി ഭേദമാക്കാന്‍ സാധിക്കും. ശരീരത്തില്‍ സൃഷ്ടിക്കുന്ന നേര്‍ത്ത മുറിവിലൂടെ ബ്ലോക്കിലേക്ക് വയര്‍ കടത്തിവിട്ട് അതില്‍ ഘടിപ്പിച്ചിരിക്കുന്ന ബലൂണ്‍ വീര്‍പ്പിച്ച് സ്റ്റെന്റ് ഇടുകയും അതിലൂടെ ബ്ലോക്ക് ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോ പ്ലാസ്റ്റി വഴി ഭേദമാക്കാന്‍ സാധിക്കാത്ത ബ്ലോക്കുകള്‍ക്കാണ് ബൈപ്പാസ്സ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഇതില്‍ ഏത് ചികിത്സാ രീതിയാണ് രോഗിക്കാവശ്യമായി വരിക എന്നുള്ളത് വിദഗ്ദ്ധനായ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തീരുമാനമെടുക്കേണ്ട കാര്യമാണ്.
ശസ്ത്രക്രിയ
എപ്പോള്‍ നടത്തണം?
ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിന് ശേഷം ബൈപാസ്സ് ശസ്ത്രക്രിയയാണ് ആവശ്യമെങ്കില്‍ അടുത്ത ഘട്ടം അത് എപ്പോള്‍ നിര്‍വ്വഹിക്കണം എന്നുള്ളതാണ്. തുടര്‍ച്ചയായി വേദന അനുഭവപ്പെടുകയോ, ഇടത് രക്തക്കുഴലിലെ പ്രധാന ധമനിയില്‍ ബ്ലോക്ക് ഉണ്ടാവുകയോ ആണെങ്കില്‍ ഉടനെ തന്നെ ഓപ്പറേഷന്‍ ചെയ്യുന്നതാണ് നല്ലത്. കാരണം ഇത്തരം രോഗികള്‍ക്ക് പെട്ടെന്ന് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വേദന ഇല്ലാതിരിക്കുകയും ബ്ലോക്ക് അത്ര കണ്ട് കഠിനമല്ലാതിരിക്കുകയും ചെയ്താല്‍ സാവകാശം സമയമെടുത്ത് ഓപ്പറേഷന്‍ ചെയ്താല്‍ മതി.
അടിയന്തര ശസ്ത്രക്രിയ
ആവശ്യമായി വരുന്ന സാഹചര്യം
വളരെ ഗുരുതരമായ ബ്ലോക്കോ, ഇടതുവശത്തെ പ്രധാന രക്തധമനിയില്‍ കാണപ്പെടുന്ന ബ്ലോക്കോ, ഹൃദയാഘാതത്തിന് ശേഷം തുടര്‍ച്ചയായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലോ അധികം താമസിയാതെ ഒരു ഹൃദയാഘാതം നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തരമായി ബൈപാസ്സ് ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടേക്കാം.
ശസ്ത്രക്രിയയില്‍
സംഭവിക്കുന്നത്.
എന്താണ് ശസ്ത്രക്രിയയില്‍ സംഭവിക്കുന്നത്. നെഞ്ച്, കാല്‍, കൈ എന്നിവിടങ്ങളിലായി രണ്ടോ മൂന്നോ മുറിവുകള്‍ സൃഷ്ടിക്കപ്പെടും. നെഞ്ചില്‍ സൃഷ്ടിക്കുന്ന മുറിവിലൂടെ ഹൃദയത്തിലെ ബ്ലോക്ക് തിരിച്ചറിഞ്ഞ ശേഷം കയ്യില്‍ നിന്നോ കാലില്‍ നിന്നോ ടെുത്ത രക്തക്കുഴലുകള്‍ ബ്ലോക്ക് സംഭവിച്ചിരിക്കുന്ന ഭാഗത്തെ ബൈ പാസ്സ് ചെയ്തുകൊണ്ട് തുന്നിച്ചേര്‍ക്കുന്നു. തുടര്‍ന്ന് ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം ഈ ബൈപാസ്സ് വഴി സുഗമമായി നടക്കുന്നു. ഇതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പഴയ രീതിയിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു. ഇത്രയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മുറിവുകള്‍ തുന്നിച്ചേര്‍ത്ത് ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയും ഐ സി യു വിലേക്ക് മാറ്റുകയും ചെയ്യുന്നു.
സാധാരണ ഗതിയില്‍ നാലോ അഞ്ചോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയാണ് നടക്കുന്നത്. ഇതില്‍ ആദ്യത്തെ ഒരു മണിക്കൂറോളം മയക്കത്തിലും ശ്വസിക്കാനുള്ള ട്യൂബ് ഇടുന്നതിനുമൊക്കെയാണ് ചെലവഴിക്കുന്നത്. അതിനു ശേഷമുള്ള ഒരു മണിക്കൂറോളം ബൈപ്പാസിനുള്ള രക്തനാളികള്‍ തയ്യാറാക്കുന്നതിനായി ചെലവഴിക്കപ്പെടുന്നു. ഹൃദയത്തില്‍ രക്തക്കുഴലുകള്‍ തുന്നിപ്പിടിപ്പിക്കുന്നതിനാണ് വലിയ സമയം ചെലവഴിക്കപ്പെടുന്നത്. ഈ പ്രക്രിയ ഏതാണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കും. ഇതിന് ശേഷം മുറിവുകള്‍ തുന്നിച്ചേര്‍ത്ത് പൂര്‍ത്തീകരിക്കുവാന്‍ ഒരു മണിക്കൂറോളം സമയമെടുക്കുന്നു. ചില സമയത്ത് ശസ്ത്രക്രിയയൂടെ സങ്കീര്‍ണ്ണതയ്ക്കനുസരിച്ച് കൂടുതല്‍ സമയം ആവശ്യമായി വരും.
എപ്പോള്‍ വീട്ടിലേക്ക് പോകാം?
ശസ്ത്രക്രിയക്ക് മൂന്നോ നാലോ ദിവസത്തിന് കഴിഞ്ഞ് പരിപൂര്‍ണ്ണ സുഖമായതിന് ശേഷം വാര്‍ഡിലേക്ക് മാറാവു്നതാണ്. വാര്‍ഡില്‍ വെച്ച് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിനനുസിരിച്ച് നല്ല വണ്ണം നടക്കാനും ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യാനും സാധിക്കണം. ചെറിയ വേദന, ചെറിയ ചുമ, കിതപ്പ്, മലബന്ധം, കാലില്‍ നീരം, ഭക്ഷണവിരക്തി മുതലായവ സാധാരണമാണ്. നിശ്ചിത ദിവസത്തിന് ശേഷം ഇ സി ജി, എക്കോ ടെസ്റ്റ്, എക്സ്-റെ, രക്തപരിശോധന മുതലായവ നിര്‍വ്വഹിക്കും. ഇതിന് ശേഷം മറ്റ് കുഴപ്പമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞാല്‍ ഡിസ്ചാര്‍ജ്ജ് തീരുമാനിക്ികാവുന്നതാണ്.