X
    Categories: indiaNews

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനെ ഉള്‍പ്പെടുത്തി ബൈജൂസ് ലേണിങ് ആപ്പ്

കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം വഹിച്ച പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനെ ഉള്‍പ്പെടുത്തിയ ബൈജൂസ് ലേണിങ് ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബംഗളൂരു ആസ്ഥാനമാക്കിയ ‘ബൈജൂസ് ലേണിങ് ആപ്പ്’. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുവരെ നടന്ന വിവിധ സംഭവവികാസങ്ങളുടെ പട്ടികയ്‌ക്കൊപ്പമാണ് സംഘപരിവാര്‍ പ്രസ്ഥാനമായ ആര്‍എസ്എസ് ഇടംപിടിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ പോരാട്ടത്തില്‍ തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ആര്‍എസ്എസ് പ്രചരിപ്പിച്ചുവരുന്നത്. പാഠ്യപദ്ധതികളില്‍ അടക്കം ഇത്തരം വികലമായ ചരിത്രം തിരുകിക്കയറ്റാന്‍ ആര്‍എസ്എസ് ആസൂത്രിതമായി ശ്രമം നടത്തിവരികയുമാണ്. അവരുടെ പ്രചാരണം ഏറ്റുപിടിക്കുന്നതാണ് ‘ബൈജൂസ് ആപ്പി’ന്റെ ഇപ്പോഴത്തെ നടപടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

1885 ലെ കോണ്‍ഗ്രസ് രൂപീകരണം, 1905 ലെ ബംഗാള്‍ വിഭജനം, 1906 ലെ മുസ്ലിം ലീഗ് രൂപീകരണം, 1907 ലെ കോണ്‍ഗ്രസിന്റെ പിളര്‍പ്പ്, 1911 ല്‍ ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത്, 1915 ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് മഹാത്മാഗാന്ധി ഇന്ത്യയിലെക്ക് മടങ്ങിയെത്തിയത്, 1916ലെ മുഹമ്മദലി ജിന്നയുടെ കോണ്‍ഗ്രസ് പ്രവേശനം, ഇന്ത്യന്‍ മുസ്ലിംകളുടെ ഖിലാഫത്ത് പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം, ചൗരി ചൗരാ സംഭവം തുടങ്ങി സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക ഇടപെടലുകള്‍ക്കൊപ്പമാണ് പട്ടികയില്‍ ആര്‍എസ്എസ്സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Test User: