X

ചെക്ക് കേസ്: ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യു.എ.ഇയില്‍ അറസ്റ്റില്‍

ദുബായ്: ചെക്ക് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യുഎഇയില്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് അറസ്റ്റ്. ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്ത് യുഎഇക്ക് കൈമാറുകയായിരുന്നു. രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി.

രണ്ടാഴ്ച്ച മുമ്പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ബൈജു ഗോപാലന്‍ അല്‍ഐന്‍ ജയിലാണ് ഇപ്പോഴുള്ളത്.

കേസുമായി ബന്ധപ്പെട്ട് യുഎഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കുകയും മസ്‌കറ്റ് വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് പിടികൂടിയത്. ബൈജുവിന്റെ പാസ് പോര്‍ട്ട് അല്‍ഐന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്.

chandrika: