ഉപതെരഞ്ഞെടുപ്പ് ഫലം കേരള സർക്കാരിനെതിരെയുള്ള ജനങ്ങളുടെ മറുപടിയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.യു.ഡി.എഫിന്റേത് ഒറ്റക്കെട്ടായി നേടിയെടുത്ത വിജയമാണ് .
തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്കാണെങ്കിലും, ഫലം വിരൽ ചൂണ്ടുന്നത് സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് എന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്താകെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മികച്ചം നേട്ടം കൈവരിച്ചിരുന്നു.എൽഡിഎഫിൻ്റെ ആറ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ജനങ്ങളെ നേരിട്ട് ബാധിക്കുംവിധം അമിതമായ നികുതി വർദ്ധനവ് ഉൾപ്പെടെയുള്ള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
പ്രതിഷേധങ്ങൾ രേഖപ്പെടുത്താനുള്ള ജനങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളിലൊന്നാണ് തെരെഞ്ഞെടുപ്പ്,
ഏതാനും വാർഡുകളിൽ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടന്നതെങ്കിലും കാലങ്ങളായി ഇടതുപക്ഷം മാത്രം വിജയിച്ച ഇടങ്ങളിൽ പോലും യു.ഡി.എഫിന് വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞു.
കേരള സർക്കാറിനെതിരെയുള്ള മലയാളികളുടെ പൊതുവികാരമാണ് ഈ ഫലം വ്യക്തമാക്കുന്നത് എന്നും തങ്ങൾ കൂട്ടിച്ചേർത്തു.യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻപേർക്കും തങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു.