തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് ആറുമണിക്കു കലാശക്കൊട്ടോട് കൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം വോട്ടര്‍മാര്‍ തിങ്കളാഴ്ച്ച ബൂത്തിലെത്തും. ലോക്‌സഭയിലേക്ക് നാല് എംഎല്‍എമാര്‍ മത്സരിച്ചതും മഞ്ചേശ്വരം എം എല്‍എ മരിച്ച ഒഴിവുമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തും. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ആവേശകരമായ പ്രചാരണത്തിനു ശേഷമാണ് പോളിങ് ബൂത്തുകളിലേക്കു നീങ്ങുന്നത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ അതിലേക്കുള്ള ചൂണ്ടുപലകയായി ഈ ഉപതിരഞ്ഞെടുപ്പുഫലം മാറുമെന്നതിന്റെ ഉദ്വേഗവും ആശങ്കയും പ്രചരണരംഗത്തും കാണാമായിരുന്നു. മൂന്നു മുന്നണികള്‍ക്കും പ്രതീക്ഷയുള്ള ഉപതിരഞ്ഞെടുപ്പായതിനാല്‍ 24ന് വരുന്ന ജനവിധി രാഷ്ട്രീയചലനങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.