മലപ്പുറം: ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ എല്‍.ഡി.എഫിനെ തകര്‍ത്ത് യു.ഡി.എഫിന് തകര്‍പ്പന്‍ വിജയം. പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പി അത്തീഖും എടയൂര്‍ പഞ്ചായത്ത് തിണ്ടലം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ കെ.കെ മോഹനകൃഷ്ണനും വിജയിച്ചു.
പൊന്നാനിയില്‍ മുസ്‌ലിം ലീഗിലെ പറമ്പില്‍ അത്തീഖ് സി.പി.എമ്മിലെ കെ ഹസൈനെ എട്ട് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സി.പി.എം കൗണ്‍സിലറായിരുന്ന അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത് . ആകെ പോള്‍ ചെയ്ത 1232 വോട്ടുകളില്‍ 615 വോട്ട് അത്തീഖ് നേടി. 607 വോട്ടുകള്‍ നേടാനെ ഹസൈന് കഴിഞ്ഞുള്ളൂ. 600 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് സി.പി.എം ജയിച്ചിരുന്ന വാര്‍ഡാണിത്. പൊന്നാനി നഗരസഭ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഈ വാര്‍ഡില്‍ യു.ഡി.എഫ് വിജയക്കൊടി നാട്ടുന്നത്. നിയമസഭാ സ്പീക്കര്‍ കൂടിയായ സ്ഥലം എം.എല്‍.എ ശ്രീരാമകൃഷ്ണനും നഗരസഭ അധികാരികളും ഏറെ പണിപ്പെട്ടിട്ടും ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് ഭരണ പരാജയങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയായി.
എടയൂരില്‍ മോഹനകൃഷ്ണന്‍ 180 വോട്ടിന് എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.ടി അനില്‍കുമാറിനെയാണ് പരാജയപ്പെടുത്തിയത്. ആകെയുള്ള പോള്‍ ചെയ്ത 1129 വോട്ടുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 609 വോട്ട് നേടി. എല്‍.ഡി.എഫിന് 429 വോട്ടാണ് നേടാനായത്. ബി.ജെ.പിക്ക് 91 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യു ഡി എഫ് അംഗമായിരുന്ന അഡ്വ. കെ. കമലാസനന്‍ മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.