X

ഉപതെരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് വിജയത്തിളക്കം

റാഞ്ചി: ജാര്‍ഖണ്ഡിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്‌സല്‍ കോന്‍ഗരിയാണ് വിജയിച്ചത്.

ബി.ജെ.പിയുടെ ബസന്ത് സോറെങിനെ 9658 വോട്ടുകള്‍ക്കാണ് നമന്‍ ബിക്‌സല്‍ പരാജയപ്പെടുത്തിയത്. ഡിസംബര്‍ 20-നാണ് കോലെബിരയില്‍ വോട്ടെടുപ്പ് നടന്നത്. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് ഇത്.

20 റൗണ്ട് വോട്ടുകളും എണ്ണിയപ്പോള്‍ കോന്‍ഗരിക്ക് 40,343 വോട്ടും സോറങ്ങിന് 30,685 വോട്ടുകളുമാണ് ലഭിച്ചത്. സ്ഥലം എം.എല്‍.എയായ ഇനോസ് എക്കയുടെ ഭാര്യ മേനന്‍ എക്കക്ക് 16,445 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു സ്‌കൂള്‍ അധ്യാപകന്റെ കൊലപാതകത്തില്‍ മന്ത്രി എനോസ് എക്ക ശിക്ഷിക്കപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ഗുജറാത്തിലെ ജാസ്ദാന്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് വിജയിച്ചത്. 20000-ത്തോളം വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഡിസബംര്‍ 20-നാണ് ജാസ്ദാന്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ബി.ജെ.പിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ബി.ജെ.പിയുടെ കുന്‍വാര്‍ജി ബാലാവ്‌ലിയ 90,268 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അവ്‌സാര്‍ നാകിയക്ക് 60,565 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

chandrika: