പാരീസിൽ നിന്നും
കമാൽ വരദൂർ
ബൈ ബൈ പാരീസ്..പരിചിതമായ പ്രയോഗം. ഇന്നലെ സ്റ്റഡെ ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ ഫ്രഞ്ചിലും ഇംഗ്ലീഷിലും ആ പദങ്ങൾ ഉച്ചത്തിലുയർന്നു. പാരീസ് മഹാനഗരം കായിക ലോകത്തോട് വിട ചൊല്ലി. ഇനി 2028 ൽ അമേരിക്കൻ നഗരമായ ലോസാഞ്ചലസിൽ കാണാം. രാത്രി വളരെ വൈകി (ഇന്ത്യൻ സമയം 12.30 മുതൽ ) ആരംഭിച്ച സമാപന ചടങ്ങ് രണ്ടര മണികൂർ ദീർഘിച്ചു. ആകർഷണം താരങ്ങളുടെ മാർച്ച് പാസ്റ്റായിരുന്നു. തിങ്ങിനിറഞ്ഞ സ്റ്റഡെ ഡി ഫ്രാൻസിൽ ഇന്ത്യൻ ത്രിവർണ പതാകയുമായി പി.ആർ ശ്രീജേഷും മനു ഭാക്കറുമെത്തിയപ്പോൾ ഗ്യാലറിയിലെ ഇന്ത്യൻ ആരാധകർ ദേശിയ പതാകകൾ വീശി.
എല്ലാ കണ്ണുകളും വിനേഷ് പോഗാട്ടിനെ തേടിയപ്പോൾ ഇന്ത്യൻ ഗുസ്തിയിലെ ഇതിഹാസത്തെ കണ്ടില്ല. നിറഞ്ഞ കൈയ്യടി ആതിഥേയ സംഘത്തിനായിരുന്നു. മെഡൽ പട്ടികയിൽ തകർപ്പൻ മുന്നേറ്റം നടത്തിയ ഫ്രഞ്ച് സംഘത്തിലെ എല്ലാവരും മാർച്ച് പാസ്റ്റിനുണ്ടായിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മക്രോൺ ഉൾപ്പെടെ ഉന്നതരെ സാക്ഷിയാക്കി നടന്ന ഫ്രഞ്ച് സംഗിത വിരുന്നിനൊപ്പം ലേസർ ഷോയും അരങ്ങ് തകർത്തു. അവസാന ദിവസമായ ഇന്നലെ നടന്ന വനിതാ ബാസ്ക്കറ്റ് ബോൾ ഫൈനലിലെ ജേതാകൾക്കും വനിതാ മാരത്തോൺ ജേതാകൾക്കും വേദിയിൽ മെഡലുകൾ സമ്മാനിച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാകിനെ സാക്ഷിയാക്കി പാരീസ് മേയർ ആനി ഹിദാൽഗോ ലോസ്ആഞ്ചലസ് മേയർക്ക് ഒളിംപിക് പതാക കൈമാറി