X
    Categories: NewsSports

ബിഗ് ബെന്‍ ഇന്ന് ബൈ ബൈ

ലണ്ടന്‍:ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ബെന്‍ സ്റ്റോക്‌സിനെ ഇനി ഒരു ഏകദിനത്തില്‍ കൂടി മാത്രമേ ക്രിക്കറ്റ് ലോകം കാണു. ഇന്ന് ഡര്‍ഹമില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന മല്‍സരത്തില്‍ കളിച്ച ശേഷം പരിമിത ഓവര്‍ മല്‍സരങ്ങളോട് വിട പറയുമെന്ന് 31 കാരന്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് ടെസ്റ്റ് ടീമിന്റെ നായകനായ സ്റ്റോക്‌സ് 2011 മുതല്‍ ഏകദിന ടീമിലുണ്ട്. 2,919 റണ്‍സാണ് 104 ഏകദിനങ്ങളില്‍ നിന്നായി അദ്ദേഹത്തിന്റെ സമ്പാദ്യം. 74 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനങ്ങളില്‍ നിന്ന് മാത്രമാണ് മാറി നില്‍ക്കുന്നതെന്നും ടി-20 യില്‍ സജീവമായിരിക്കുമെന്ന് കിവി വംശജനായ താരം വ്യക്തമാക്കി. മൂന്ന് ഫോര്‍മാറ്റിലും കളിക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്ന് വ്യക്തമാക്കിയ സ്‌റ്റോക്‌സ് ഈ തീരുമാനം വിഷമകരമായിരുന്നുവെന്നും പറഞ്ഞു.

2019 ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ പ്രകടനമായിരുന്നു സ്‌റ്റോക്‌സിന്റെ ഏറ്റവും മികച്ച ഏകദിന പ്രകടനം. ആദ്യവസാനം ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ 84 റണ്‍സ് സ്വന്തമാക്കി മല്‍സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച സ്‌റ്റോക്‌സായിരുന്നു ഇതാദ്യമായി രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ചത്. നടപ്പ് സീസണിലാണ് അദ്ദേഹത്തെ ടെസ്റ്റ് നായകനായി അവരോധിച്ചത്.

Chandrika Web: