X

നാല് മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത് രണ്ട് കോടിയോളം ആളുകള്‍ക്ക്; ഫെയ്‌സ്ബുക്കിലൂടെ എല്ലാം മറച്ചുവെക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാട് സംബന്ധിച്ച വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയായിരിക്കെ വീണ്ടും വിമര്‍ശനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഫേസ്ബുക്കില്‍ തെറ്റായ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന് കീഴില്‍ രാജ്യത്ത് നടക്കുന്ന ജനവിരുദ്ധ നടപടികളെ മറച്ചുവെക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്ത് രണ്ട് കോടിയോളം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്.
ഫേസ്ബുക്കില്‍ തെറ്റായ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെന്ന വസ്തുതയും സമ്പദ്വ്യവസ്ഥയുടെ വന്‍നാശവും രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ല, രാഹുല്‍ ട്വീറ്റ് ചെയ്തു.

ഫെയ്സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കോണ്‍ഗ്രസ് ഫെയ്സ്ബുക്കിനയച്ച കത്ത് രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു. ഫെയ്സ്ബുക്ക് ഇന്ത്യാ വിവാദം ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തയച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേയ്‌സ്ബുക്ക് തയ്യാറായില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോര്‍ട്ട്. രാജ സിങ്ങിനെ ഫേയ്‌സ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അങ്കി ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞങ്ങള്‍ നേടിയെടുത്ത ജനാധിപത്യത്തെ വ്യാജവാര്‍ത്തകളിലൂടേയും വിദ്വേഷപ്രസംഗത്തിലൂടേയും തകര്‍ക്കുന്നത് അനുവദിക്കാനാവില്ല. രാജ്യത്തെ വ്യാജവാര്‍ത്തകളുടെയും വിദ്വേഷ പ്രസംഗങ്ങളുടേയും പ്രചാരണത്തിലും ഫെയ്സ്ബുക്കിന്റെ പങ്ക് ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടണമെന്ന കുറിപ്പോടെയാണ് സുക്കര്‍ബര്‍ഗിനയച്ച കത്തിന്റെ പകര്‍പ്പ് രാഹുല്‍ പുറത്തുവിട്ടത്.

chandrika: