തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ നാളെ നടക്കുന്ന വോട്ടെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോര്പറേഷന്, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 182 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 79 പേര് സ്ത്രീകളാണ്. 36,490 പുരുഷന്മാരും 41,144 സ്ത്രീകളും ഉള്‍പെടെ മൊത്തം 77,634 വോട്ടര്‍മാരാണുള്ളത്. വോട്ടെണ്ണല്‍ 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.ker ala.gov.in സൈറ്റിലെ TRENDല്‍ ലഭ്യമാകും.