X

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

രാജ്യത്ത് 5 സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ത്രിപുരയിലെ ധന്‍പുരില്‍ 39.48 ശതമാനവും ബോക്‌സാനഗറില്‍ 40.49 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബി.ജെ.പി-ടി.എം.സി-കോണ്‍ഗ്രസ് സി.പി.എം സഖ്യം മത്സരം നടക്കുന്ന പശ്ചിമബംഗാളിലെ ദുപ്ഗുരിയില്‍ 34.26 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിട്ടുളളത്.

ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ മണ്ഡലത്തില്‍ 26.03 ശതമാനവും ഉത്തര്‍പ്രദേശിലെ ഘോസി മണ്ഡലത്തില്‍ 21.57 ശതമാനവും പോളിങ് രേഖപ്പെടുത്തി. ജാര്‍ഖണ്ഡിലെ ദുംറിയില്‍ 27.56 ശതമാനമാണ് പോളിങ്. കനത്ത സുരക്ഷയിലാണ് എല്ലായിടത്തും പോളിങ് പുരോഗമിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പളളിയില്‍ 50.01 ശതമാനമാണ് ഇതുവരെയുളള പോളിങ്. ധന്‍പുരിലും ബോക്‌സാനഗറിലും ബിജെപി-സിപി.എമ്മും തമ്മിലാണ് മത്സരം. സെപ്റ്റംബര്‍ 8 നാണ് എല്ലായിടത്തും വോട്ടെണ്ണല്‍. 5 സീറ്റുകളില്‍ സിറ്റിങ് എം.എല്‍.എമാരുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്, ഒരിടത്ത് എംഎല്‍എ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

യു.പിയിലെ ഘോസിയില്‍ സമാജ്വാദി പാര്‍ട്ടി വിട്ടു ബി.ജെ.പിയിലേക്ക് തിരിച്ചു പോയ ധാരാസിങ് ചൗഹാന്‍ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ചേര്‍ന്നു സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിങ്ങിന് പിന്തുണ നല്‍കുകയാണ്. ധാരാസിങ്ങാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ജാര്‍ഖണ്ഡിലെ ഡുറിയില്‍ മുന്‍മന്ത്രി ജഗര്‍നാഥ് മഹാതോ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഇന്ത്യ മുന്നണിയിലെ ജെ.എം.എം സ്ഥാനാര്‍ഥി ബേബി ദേവിയും എന്‍.ഡിഎ.യിലെ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സ്ഥാനാര്‍ഥി യശോദ ദേവിയും തമ്മിലാണ് മത്സരം.

ത്രിപുരയില്‍ ബോക്സാനഗര്‍, ധനപൂര്‍ എന്നിങ്ങനെ രണ്ടിടങ്ങളിലാണ് മത്സരം നടക്കുന്നത്. ധനപൂരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. സി.പി.എമ്മിലെ കൗശിക് ദേബ്‌നാഥും ബി.ജെ.പിയുടെ ബിന്ദു ദേബ്‌നാലും തമ്മിലാണ് പ്രധാന മത്സരം. ബോക്‌സാനഗറില്‍ അന്തരിച്ച എം.എല്‍.എ ഷംസുല്‍ ഹഖിന്റെ മകന്‍ മിസാന്‍ ഹുസൈനാണ് സി.പി.എം സ്ഥാനാര്‍ഥി. ബി.ജെ.പിയുടെ തഫജല്‍ ഹുസൈന്‍ എതിര്‍ സ്ഥാനാര്‍ഥി. ഈ രണ്ടിടങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ആം.ആദ്മി പാര്‍ട്ടി വിട്ടു കോണ്‍ഗ്രസിലെത്തിയ ബസന്ത് കുമാര്‍, അന്തരിച്ച ബി.ജെ.പി എം.എല്‍.എ ചന്ദ്രന്‍ റാം ദാസിന്റെ ഭാര്യ പാര്‍വതി എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ബംഗാളിലെ ഗുപ്ഗുരിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്- സി.പി.എം സഖ്യവും തൃണമൂലില്‍ കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ബി.ജെ.പി എം.എല്‍.എ ബിഷു പദറായ് മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്.

 

webdesk13: