ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കൈറാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജ.പിയുടെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായ ശ്യാം പ്രകാശാണ് ഫെയ്‌സ്ബുക്കിലൂടെ യോഗിയ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി മോദിയുടെ പേരില്‍ നമ്മള്‍ അധികാരത്തിലെത്തിയിട്ട് ജനങ്ങളെ സേവിച്ചില്ല, കൈക്കൂലിയാണ് ശ്രദ്ധമുഴുവനും തുടങ്ങിയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന ആക്ഷേപഹാസ്യ കവിതയിലൂടെയാണ് യോഗിയ്‌ക്കെതിരെ ശ്യാം പ്രകാശ് ആഞ്ഞടിച്ചത്.
‘മോദിയുടെ പേരു പറഞ്ഞ് നമ്മള്‍ അധികാരത്തിലെത്തി. പക്ഷേ ജനങ്ങളെ സേവിച്ചില്ല. അധികാരക്കസേരകള്‍ സംഘപരിവാര്‍ സംഘടനകള്‍ കയ്യടക്കി. പാവം മുഖ്യമന്ത്രി അസന്തുഷ്ടനാണെന്ന് തോന്നുന്നു. ജനങ്ങളും എം.എല്‍.എമാരും തമ്മില്‍ അങ്ങേയറ്റത്തെ മോശം ബന്ധം. ബ്യൂറോക്രാറ്റുകളും പ്രസിഡണ്ടും കൈക്കൂലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.’ എന്നര്‍ത്ഥം വരുന്ന കവിതയാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം യുപിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വിയായിരുന്നു ഫലം. ഒടുവില്‍ ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ച കൈറാനയിലും തോല്‍വി പിണഞ്ഞത്തോടെ യോഗിക്കെതിരെ സംസ്ഥാന പാര്‍ട്ടി നേതാക്കളില്‍ നിന്നും ശബ്ദം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ നടന്ന ഉപതെരഞ്ഞടുപ്പുകളില് ബി.ജെ.പിയുടെ ശക്തി മണ്ഡമായി മുഖ്യമന്ത്രി യോഗിയുടേയും ഉപമുഖ്യമന്ത്രിയുടേയും മണ്ഡലത്തില്‍ ബി.ജെ.പി എസ്.പി-ബി.എസ്.പി സഖ്യത്തോട് കനത്ത തോല്‍വി നേരിടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും യോഗിയാണ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. അതുകൊണ്ടുതന്നെ യോഗിക്കാണ് പരാജയത്തിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ചില പാര്‍ട്ടി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം കവിത വിവാദമായതോടെ പ്രതികരണവുമായി എം.എല്‍.എ തന്നെ രംഗത്തെത്തി. ഇത് എന്റെ അഭിപ്രായമാണ്. സംസ്ഥാനത്ത് അഴിമതി കൂടിയിരിക്കുന്നു. ഇതുകാരണമാണ് ജനങ്ങള്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി കഠിനാധ്വാനം ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കണം. ഇല്ലെങ്കില്‍ വരും കാലങ്ങളില്‍ ഒരു മാറ്റവും ഉണ്ടാവില്ല ശ്യാം പ്രകാശ് പ്രതികരിച്ചു.