ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത്.
നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരുംദിവസങ്ങളില്‍ ഉണ്ടാകും.
തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവുവന്നത്. വിജയന്‍പിള്ളയുടെ മരണത്തോടെ ചവറയിലും ഉപതിരഞ്ഞടുപ്പ് ആവശ്യമായി വന്നു. സ്ഥാനാര്‍ഥി നിര്‍ണയം അടക്കം ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചനയാണ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്.
കോവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രയാസങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ മാര്‍നിര്‍ദേശങ്ങള്‍ പുറവെടുവിക്കുകയും അതനുസരിച്ച് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. നവംബര്‍ 29ന് മുന്‍പായി നടക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ക്രമീകരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.