X

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി.വി സിന്ധു ഫൈനലില്‍

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്നു. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. സ്‌കോര്‍: 21-16, 24-22. റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച താരം കരോലിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

ആദ്യ ഗെയിമില്‍ അനായാസമായാണ് സിന്ധു യമാഗൂച്ചിയെ മറികടന്നത്. തുടക്കം മുതല്‍ ലീഡ് സ്വന്തമാക്കിയ സിന്ധു ഒരിക്കല്‍പോലും എതിരാളിയെ മുന്നിലേക്ക് കടത്തിവിട്ടില്ല. എന്നാല്‍ രണ്ടാം ഗെയിമില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തിയ ജാപ്പനീസ് താരം ആദ്യം മുതല്‍ മുന്നിലെത്തി. യമാഗൂച്ചിയുടെ പൊരാട്ടവീര്യത്തിന് മുന്നില്‍ ഇടക്ക് തളര്‍ന്നുവെങ്കിലും മാച്ച് പോയിന്റിന് തൊട്ടടുത്തുവെച്ച് സിന്ധു യമാഗൂച്ചിയെ മറികടന്നു. അവിടന്നങ്ങോട്ട് പൊരുതിക്കളിച്ച സിന്ധു തുടര്‍ച്ചയായ എട്ട് പോയിന്റുകള്‍ നേടി എതിരാളികളുടെ മുന്നില്‍ കയറി. വാശിയേറിയ പൊരാട്ടത്തിനൊടുവില്‍ സിന്ധു 24-22ന് ഗെയിം സ്വന്തമാക്കിയതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്നു.

റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച സ്പാനിഷ് താരം കരോലിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനെ തോല്‍പിച്ച് സെമിയിലെത്തിയ മാരിന്‍, ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പിച്ചാണ് ഫൈനലില്‍ കടന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: