ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി
ഗോയല്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് യുപി ഗവര്‍ണര്‍ റാംനായിക്കിന് ഇ-മെയില്‍ അയച്ച യുവവ്യവസായി അഭിഷേക് ഗുപ്തയെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴായ്ച ബി.ജെ.പി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് ഇന്ന് രാവിലെ ഗുപ്തയെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയുകയായിരുന്നു.
ലഖ്‌നൗവിലെ യുവവ്യവസായിയായ തന്നോട് പുതിയ പെട്രോള്‍ പമ്പ് ലൈസന്‍സ് ലഭിക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഓഫീസറുമായ എസ് ഗോയല്‍ 25 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ക്ക് അഭിഷേക് ഗുപ്ത ഇ-മെയില്‍ അയച്ചത്. മെയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞ ഏപ്രില്‍ 30ന് ഫോര്‍വേഡ് ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം ഈ മെയില്‍ പുറത്തായി. ഫെയ്‌സ്ബുക്ക്,വാട്ട്‌സ്ആപ്പ് തുടങ്ങിയവ നവമാധ്യമങ്ങളില്‍ ഇതു വൈറലായി. ഇതിനു പിന്നാലെ ഇന്നു രാവിലെയാണ് അഭിഷേക് ഗുപ്തയെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തത്. പെട്രോള്‍ പമ്പിന്റെ ലൈസന്‍സ് ലഭിക്കുന്നതിനായി ബി.ജെ.പി നേതാക്കളെ സ്വാധീനിച്ച് നിയമപരമല്ലാത രീതിയില്‍ ലൈസന്‍സ് നേടിയെടുക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. ബി.ജെ.പിയുടെ പരാതിയിലാണ് കേസ് എടുത്തതെന്നും ലഖ്‌നൗ പൊലീസ് ചീഫ് ദീപക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഭിഷേക് ഗുപ്തയുടെ അറസ്റ്റില്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. ബി.ജെ.പിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെ പ്രതിയെന്ന് ആരോപിക്കപ്പെട്ട വ്യവസായിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ ദൂരുഹതയുണ്ടെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തില്ലാത്ത മുഖ്യമന്ത്രി ആദിത്യനാഥ് സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുണ്ട്. എന്നാല്‍ പെട്രോള്‍ പമ്പ് ലൈസന്‍സിനായി വ്യവസായി കൈക്കൂലി ആവശ്യപ്പെട്ട് എന്നാരോപിക്കപ്പെട്ട എസ്പി ഗോയല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.