വാഷിങ്ടണ്‍: യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ വിമര്‍ശിച്ച് സംസാരിക്കുമ്പോള്‍ സ്വന്തം ഉത്തരവു പ്രകാരം നടത്തിയ ഇറാഖ് അധിനിവേശത്തെയും അറിയാതെ അപലപിച്ച് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. ഡാലസില്‍ ഒരു പ്രസംഗത്തിനിടെയാണ് അദ്ദേഹത്തിന് നാക്കു പിഴച്ചത്.
‘ഇറാഖില്‍ അധിനിവേശം നടത്താനുള്ള ഒരു വ്യക്തിയുടെ തീരുമാനം പൂര്‍ണമായും അന്യായവും കിരാതവുമാണെന്ന്’ ബുഷ് പറഞ്ഞു. അബദ്ധം മനസ്സിലായ അദ്ദേഹം യുക്രെയ്‌നെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് പെട്ടെന്ന് തിരുത്തുകയും ചെയ്തു. ശ്രോതാക്കള്‍ ചിരിച്ചപ്പോള്‍ ഇറാഖും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുഷ് ബോധപൂര്‍വ്വമല്ലെങ്കിലും തെറ്റ് സമ്മതിച്ചതായി നിരീക്ഷകര്‍ പറയുന്നു.
2003ല്‍ അന്നത്തെ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൈയില്‍ സംഹാരായുധമുണ്ടെന്ന് ആരോപിച്ചാണ് ബുഷ് ഇറാഖിനെ ആക്രമിക്കാന്‍ ഉത്തരവിട്ടത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ നാക്കു പിഴയാണ് ബുഷിന് സംഭവിച്ചിരിക്കുന്നതെന്ന് ഹ്യൂമെന്റ് റൈറ്റ്‌സ് വാച്ചിന്റെ യൂറോപ്യന്‍ മീഡിയ ഡയറക്ടര്‍ ആന്‍ഡ്രൂ സ്‌ട്രോയ്‌ലിന്‍ പറഞ്ഞു. ഇറാഖ് അധിനിവേശത്തെക്കുറിച്ച് ബുഷ് ഒരിക്കലെങ്കിലും സത്യം പറഞ്ഞല്ലോ എന്നായിരുന്നു മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പശ്ചിമേഷ്യന്‍ ചരിത്രകാരന്‍ പൂയ അലിമാഗന്റെ പ്രതികരണം.