X

ശമ്പളം നൽകിയില്ലെങ്കിൽ ഓണത്തിന് ബസുകൾ ഓടില്ല: റ്റിഡിഎഫ്

ശമ്പളം നൽകിയില്ലെങ്കിൽ ഓണത്തിന് ബസുകള്‍ ഓടില്ലെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎൽഎ. കെഎസ്ആർടിസി തൊഴിലാളികൾക്ക് കഴിഞ്ഞ 8 വർഷമായി തുടരുന്ന ദുരിതം ഈ ഓണക്കാലത്തും അവസാനിക്കുന്നില്ലെന്നും, കഴിഞ്ഞ മാസം ജോലി ചെയ്ത ശമ്പളം ഈ മാസം 11ആം തീയതി ആയിട്ടും വിതരണം ചെയ്യാനുള്ള മര്യാദ സർക്കാരും മാനേജ്മെന്‍റും കാണിക്കുന്നില്ലെന്നും  എം.വിൻസെന്‍റ് പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്തില്ലായെങ്കിൽ ഓണക്കാലത്ത് ബസ് ഓടാത്ത സാഹചര്യം ഉണ്ടാകുമെന്നും എം.വിൻസെന്‍റ്  മുന്നറിയിപ്പ് നൽകി.

ഓണക്കാലത്ത് തങ്ങളുടെ കുട്ടികൾക്ക് ഓണക്കോടി വാങ്ങാൻ പോലും കാശില്ലാതെ മാനസിക വേദനയിൽ ജോലി ചെയ്യുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. ശമ്പളം ലഭിക്കാതെ ജോലി ചെയ്യില്ല എന്ന് തൊഴിലാളികൾ തീരുമാനിച്ചാൽ ഓണക്കാലത്ത് കേരളം നിശ്ചലമാകും അത്തരം സാഹചര്യത്തിലേക്ക് എത്തിക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശമ്പളം ഒറ്റത്തവണയായി ഈ മാസം മുതൽ നൽകുമെന്ന പുതിയ മന്ത്രിയുടെ വാക്ക് പോലും പാലിക്കപ്പെടാത്തത് എൽഡിഎഫ് സർക്കാരിന് കെഎസ്ആർടിസി യോടുള്ള അവഗണനയുടെ വ്യാപ്തി തെളിയിക്കുന്നു എന്നും റ്റിഡിഎഫ് പറഞ്ഞു. കെഎസ്ആർടിസി മാനേജ്മെന്‍റ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും, ജീവനക്കാരുടെ ശമ്പളം നൽകാനോ അവരുടെ ക്ഷേമത്തിനോ പ്രവർത്തിക്കേണ്ടവർ തങ്ങളുടെ അഴിമതികൾ നടത്താനും അത് മറയ്ക്കാനും പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നതെന്നും എം.വിൻസെന്‍റ് കുറ്റപ്പെടുത്തി.

webdesk13: