സംസ്ഥാനത്ത് സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം ചാര്‍ജില്‍ ഒരു രൂപ മുതല്‍ അഞ്ചുരൂപയുടെ വരെ വര്‍ധനവാണ് വരുത്തിയത്.
കിലോമീറ്റര്‍ നിരക്കിലും വര്‍ധനയുണ്ട്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍ വര്‍ധനവില്ലെങ്കിലും മറ്റു സ്ലാബുകളില്‍ 25 ശതമാനം വര്‍ധന വരുത്തി. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ 50 പൈസവരെയുള്ള വര്‍ധന ഒഴിവാക്കും. കഴിഞ്ഞ ദിവസം ഇടതുമുന്നണി നല്‍കിയ ശിപാര്‍ശ മന്ത്രിസഭായോഗം അതേ പടി അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് ഒന്നുമുതല്‍ നിരക്കുവര്‍ധനവ് പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധനവിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ദിവസം 23 ലക്ഷത്തോളം രൂപയുടെ അധിക വരുമാനമുണ്ടാകും.
മൂന്നു വര്‍ഷത്തിന് ശേഷമാണ് യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് ബസുകളിലെ മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ടുരൂപയായാണ് ഉയര്‍ത്തിയത്. ഫാസ്റ്റ് പാസഞ്ചറിന്റേത് പത്തില്‍ നിന്ന് 11 രൂപയായും സൂപ്പര്‍ ഫാസ്റ്റുകളുടേത് 13ല്‍ നിന്നും 15 ആയും സൂപ്പര്‍ എക്‌സ്പ്രസുകളുടെ മിനിമം നിരക്ക് 20ല്‍ നിന്ന് 22 ആയും വര്‍ധിപ്പിച്ചു. സൂപ്പര്‍ ഡീലക്‌സ്/ സെമി സ്ലീപ്പര്‍ ബസുകളില്‍ 28ല്‍ നിന്ന് 30 രൂപയാവും. ഹൈടെക്/എ.സി ലക്ഷ്വറി ബസുകളിലെ മിനിമം നിരക്ക് 40ല്‍ നിന്നും 44 ആയും വോള്‍വോയിലേത് 40ല്‍ നിന്നും 45 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഓര്‍ഡിനറി, സിറ്റി ബസിന് കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്നും 70 പൈസയായും സിറ്റി ഫാസ്റ്റിന് 68 പൈസയില്‍ നിന്നും 75 പൈസയായും ഫാസ്റ്റ് പാസഞ്ചറിന് 68 പൈസയില്‍ നിന്നും 75 പൈസയായും സൂപ്പര്‍ ഫാസ്റ്റിന് 72 പൈസയില്‍ നിന്നും 78 പൈസയായും സൂപ്പര്‍ എക്സ്പ്രസിന് 77 പൈസയില്‍ നിന്നും 85 പൈസയായും സൂപ്പര്‍ ഡിലക്‌സ്, സെമി സ്ലീപ്പര്‍ ബസുകള്‍ക്ക് കിലോമീറ്ററിന് 90 പൈസയില്‍ നിന്നും ഒരു രൂപയായും ലക്ഷ്വറി ബസിന് കിലോമിറ്ററിന് 1 രൂപ 10 പൈസയില്‍ നിന്നും 1 രൂപ 20 പൈസയായും വോള്‍വോ ബസിന് കിലോമീറ്ററിന് 1 രൂപ 30 പൈസയില്‍ നിന്നും 1 രൂപ 45 പൈസയായുമായാണ് വര്‍ധിപ്പിച്ചത്.
സ്വകാര്യ ബസുകളെ അപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇന്‍ഷുറന്‍സ് സെസ് എന്ന പേരില്‍ 15 രൂപക്ക് ഒരു രൂപ മുതല്‍ 100 രൂപക്ക് 10 രൂപവരെ അധികതുക നല്‍കണം. ഇതു കൂടിയാവുമ്പോള്‍ ദീര്‍ഘദൂര യാത്രക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ 10 രൂപ സ്വകാര്യ ബസുകളെക്കാള്‍ അധികം നല്‍കേണ്ടിയും വരും.
വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു 40 കി.മീ വരെയുള്ള യാത്രക്കു പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ധനയേ ഉണ്ടാകൂവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇന്ധനവിലയിലെ വര്‍ധനവ് സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളെ ബാധിച്ചുവെന്നും സ്വകാര്യ മേഖലയില്‍ 15,000ലേറെ ബസുകള്‍ ഉണ്ടായിരിന്നിടത്ത് ഇപ്പോള്‍ 13,000ല്‍ താഴെമാത്രമേ ബസുകള്‍ ഉള്ളൂവെന്നും ഈ വ്യവസായം നിലനില്‍ക്കണമെന്നതിനാലാണ് നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതെന്ന് മന്ത്രിസഭായോഗത്തിനുശേഷം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. രണ്ടു വര്‍ഷമായി ബസുടമകള്‍ നിരക്കു വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. പലതവണ സമരവും നടത്തി.
കെ.എസ്.ആര്‍.ടിസിയും നിരവധിത്തവണ യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ബസ് ചാര്‍ജ് വര്‍ധന പരിശോധിക്കുന്നതിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചത്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പൊതുവേ സ്വീകരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം.
ബസ്ചാര്‍ജ് വര്‍ധന മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍, ജനത്തിന് ഇരുട്ടടി
Tags: Bus Charge hike