X
    Categories: MoreViews

ബംഗളുരു ബസില്‍ കത്തി കാട്ടി കവര്‍ച്ച

കോഴിക്കോട്: കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച. കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് പുറപ്പെട്ട സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ആര്‍.പി.കെ 271 നമ്പര്‍ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇന്നലെ പുലര്‍ച്ചെ 2.45ന് ചന്നപട്ടണത്തുവെച്ചാണ് ആക്രമണമുണ്ടായത്. യാത്രക്കാരില്‍ ചിലര്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബസ് ചെന്നൈപട്ടണത്തിനടുത്തുള്ള പെട്രോള്‍ പമ്പില്‍ വെളിച്ചമുള്ള സ്ഥലത്ത് നിര്‍ത്തുകയായിരുന്നു. അപ്പോള്‍ രണ്ടുപേര്‍ ബസില്‍ കയറി.
ബംഗളുരുവിലേക്കുള്ള യാത്രക്കാര്‍ എന്ന നിലയിലാണ് ഇവര്‍ കയറിയത്. ബംഗളുരു ബസാണോ എന്ന് അന്വേഷിക്കുകയും ചെയ്തതായി ഡ്രൈവര്‍ ജമാലുദ്ദീന്‍ പറഞ്ഞു. ബസ് പുറപ്പെടുന്നതിന് മുമ്പ് കയറിയവരില്‍ ഒരാള്‍ ഇറങ്ങി. അപ്പോഴേക്ക് മറ്റു രണ്ടുപേര്‍ ബൈക്കില്‍ എത്തി. ഇതില്‍ ഒരാള്‍ കത്തി ബസില്‍ കയറിയ ആള്‍ക്ക് കൈമാറി. ബസില്‍ കയറിയവര്‍ പിന്നീട് ആക്രോശം മുഴക്കുകയും യാത്രക്കാരോട് പണവും ആഭരണവും ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ മുഖം മറച്ച നിലയിലായിരുന്നു. യാത്രക്കാര്‍ ഒന്നും നല്‍കാന്‍ തയാറാവാതെ വന്നപ്പോള്‍ സംഘത്തിലുള്ള ഒരാള്‍ അഗ്രം വളഞ്ഞ കത്തി ഒരു യാത്രക്കാരന്റെ കഴുത്തില്‍ വെച്ച് ഭീഷണി മുഴക്കി. ഇതോടെ സംഭ്രമജനകമായ അവസ്ഥയായി. ഈയവസരത്തില്‍ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. അതോടെ അക്രമികള്‍ ഇറങ്ങിയോടി. അതിനിടയില്‍ സ്ത്രീയാത്രക്കാരില്‍ ഒരാളുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഒരു യാത്രക്കാരന്റെ ബാഗും ഇവര്‍ കൈക്കലാക്കിയിരുന്നു. ബാഗില്‍ രണ്ടായിരം രൂപയും രേഖകളുമാണ് ഉണ്ടായിരുന്നത്.
മറ്റൊരു യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തിരുന്നുവെങ്കിലും അത് പിന്നീട് സീറ്റിനടിയില്‍ നിന്ന് കണ്ടെത്തി. വൈത്തിരി സ്വദേശിനിയുടെ സ്വര്‍ണമാലയാണ് അപഹരിക്കപ്പെട്ടത്. കുറ്റിയാടി സ്വദേശിയുടെ ബാഗും നഷ്ടപ്പെട്ടു. ചന്നപട്ടണം പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ പരാതി നല്‍കി. അതിനുശേഷം ബസ് ബംഗളുരുവില്‍ എത്തിച്ചു. മാണ്ഡ്യയില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

chandrika: