X

റോഡ് നികുതി അടക്കാന്‍ കഴിയാതെ ബസുടമകള്‍

രണ്ടാം ലോക് ഡൗണിന് ശേഷം സര്‍ക്കാര്‍റോഡ് നികുതി ഒഴിവാക്കി നല്‍കും എന്ന പ്രതീക്ഷയില്‍ സര്‍വീസ് തുടങ്ങിയ സ്‌റ്റേജ് കാര്യേജ് ബസുടമകള്‍ റോഡ് നികുതി അടക്കാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയില്‍. റോഡ് നികുതി ഒഴിവാകുന്നതിന് വേണ്ടി ഫോം ജി യില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. 2021 ഡിസംബര്‍ 31 ന് മുമ്പായി ആറു മാസത്തെ റോഡ് നികുതി അടക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയില്ലെന്ന് മാത്രമല്ല
പിഴകൂടാതെ നികുതി അടക്കാനുള്ള കാലാവധി നീട്ടി നല്‍കാല്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

80 ശതമാനത്തിലധികം ബസുടമകള്‍ക്കും റോഡ് നികുതി അടക്കാന്‍ സാധിച്ചിട്ടില്ല. നികുതി അടക്കാന്‍ സാധിക്കാത്ത ബസുടമകള്‍ക്ക് പത്ത് ശതമാനം പിഴയോട് കൂടി മാത്രമേ ഇനി നികുതി അടക്കാന്‍ കഴിയുകയുള്ളൂ. ഈ ജനുവരി കഴിഞ്ഞാല്‍ 20 ശതമാനം പിഴയോട് കൂടി മാത്രമേ നികുതി അടക്കാന്‍ കഴിയുകയുള്ളൂ. 20000 രൂപ മുതല്‍ 36000 രൂപ വരെ ആണ് ഓരോ ബസുടമയും ഓരോ മൂന്നു മാസത്തേക്ക് ത്രൈമാസ നികുതി അടക്കേണ്ടത് . ഡീസല്‍ അടിക്കുന്നതിനും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിന് പോലുമുള്ള വരുമാനം ബസുകളില്‍ നിന്ന് ലഭിക്കാത്ത ബസുടമകള്‍ക്കാണ് റോഡ് നികുതി അടക്കാന്‍ കഴിയാത്തത്. അത്തരം ബസുടമകളില്‍ നിന്നാണ് സര്‍ക്കാര്‍ കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്നത്.

റോഡ് നികുതി അടക്കാത്ത ബസുകള്‍ എം.വി.ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പത്ത് ശതമാനം പലിശക്ക് പുറമെ ടാക്‌സ് അടക്കാതെ സര്‍വീസ് നടത്തിയതിന് 7500 രൂപ പിഴയും ചുമത്തുകയാണ്. ഇക്കാര്യം ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ നിരവധി തവണ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ റോഡ് നികുതി ഒഴിവാക്കാനോ പിഴകൂടാതെ നികുതി അടക്കാന്‍ സാവകാശം നല്‍കാനോ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാചര്യത്തില്‍ എം.വി.ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിഴ ചുമത്തുന്ന ബസുകള്‍ റോഡ് നികുതിയും പത്തു ശതമാനം പലിശയും 7500 രൂപ പിഴയും അടക്കാന്‍ കഴിയാതെ സര്‍വീസ് നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്.
കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഞായറാഴ്ചകളിലും ചില പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പ്രാദേശിക ലോക് ഡൗണ്‍ കാരണവും സര്‍വീസ് നടത്താന്‍ കഴിയാത്ത ബസുടമകളോട് സര്‍ക്കാര്‍ ഈ രീതിയിലുള്ള നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബസുടമകളുടെ സംയുക്ത സമിതി കഴിഞ്ഞ നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഗതാഗത മന്ത്രി നവംബര്‍ എട്ടിന് അര്‍ദ്ധരാത്രി കോട്ടയം ഗസ്റ്റ്ഹൗസില്‍ വെച്ച് ബസുടമ സംയുക്ത സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കി സമരം ഒഴിക്കിയിരുന്നു. രണ്ടു മാസം കഴിഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Test User: