X

വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് വര്‍ദ്ധിപ്പിക്കാതെ ബസ് സമരം പിന്‍വലിച്ചു: അവകാശ പോരാട്ടങ്ങളുടെ വിജയമെന്ന് എം.എസ്.എഫ്

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമരം തുടര്‍ന്നിരുന്ന് ബസ് ഓണേഴ്‌സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുമായിരുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്താന്‍ എം.എസ്.എഫിന്റെ വിവിധ സമര പരിപാടികള്‍ക്ക് സാധിച്ചെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി.

സമരത്തിന്റെ തുടക്കത്തില്‍ കേരളത്തിലെ വിവിധ ആര്‍.ടി.ഒ ഓഫീസുകളില്‍ വിദ്യാര്‍ത്ഥികളുടെ അവകാശ പത്രികകള്‍ സമര്‍പ്പിക്കുകയും വിദ്യാര്‍ത്ഥികളുടെ യാത്രാ അവകാശത്തെ സംബന്ധിച്ച് അധികാരികളെ ബോധ്യപ്പെടുത്താനും എം.എസ്.എഫിന് സാധിച്ചു. വിദ്യാര്‍ത്ഥി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള തീരുമാനമെടുക്കാന്‍ വേണ്ടി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ബസ് മുതലാളിമാരുടെയും ഗതാഗത മന്ത്രിയുടെയും യോഗത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ വര്‍ദ്ധിപ്പിക്കാനനുവദിക്കില്ല എന്നാവശ്യപ്പെട്ടു കൊണ്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.

തുടര്‍ന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാവകാശത്തെ സംബന്ധിച്ച് ബോധ്യപ്പെടുത്തുകയും നിരക്ക് വര്‍ദ്ധിപ്പിക്കില്ല എന്ന ഉറപ്പ് വാങ്ങിയെടുക്കാനും എം.എസ്.എഫിന് സാധിച്ചു.ബസ് സമരം തുടരുകയാണെങ്കില്‍ ആവശ്യ സര്‍വീസായി പരിഗണിച്ച് ബസുകള്‍ പിടിച്ചെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി മുഖേന ഹര്‍ജി നല്‍കാന്‍ എം.എസ്.എഫ് നേതൃത്വം തയ്യാറായി. നിലവില്‍ വിദ്യാര്‍ത്ഥി മിനിമം നിരക്ക് വര്‍ദ്ധിപ്പിക്കാതെ സമരം പിന്‍വലിച്ചത് വിദ്ധ്യാര്‍ത്ഥി പക്ഷത്ത് നിന്നു കൊണ്ട് വ്യത്യസ്ത രീതിയില്‍ എം.എസ്.എഫ് ഇടപെട്ടതിന്റെ ഭാഗമായി കൂടിയാണെന്നും സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.ഈ സമര പരിപാടികളില്‍ അണിനിരന്ന മുഴുവന്‍ പ്രവര്‍ത്തകന്മാരെയും നേതൃത്വം അഭിനന്ദിച്ചു.

chandrika: