കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം ഉണ്ടായ പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ. പരാതി പറഞ്ഞിട്ടും ഗതാഗതം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കം കൊണ്ടാണ് പാലത്തിന്റെ കൈവരി തകർന്നതെന്ന് നാട്ടുകാർ പറയുന്നു.
പാലം അപകടാവസ്ഥയിലായിരുന്നുവെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്‌മാൻ പറഞ്ഞു. 1966 ലാണ് പാലം നിർമ്മിച്ചത് എന്ന് അനാച്ഛാദനം ചെയ്ത ഫലകത്തിൽ സൂചിപ്പിക്കുന്നു.
പാലത്തിന് മറുഭാഗത്ത് കൈവരി ഇല്ലെന്നും നാട്ടുകാർ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. 45 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ ഉണ്ടായിരുന്നവരെയെല്ലാ പുറത്തെത്തിച്ചു.
അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. കമല(65), ത്രേസ്യാമ്മ മാത്യു(75)എന്നിവരാണ് മരിച്ചത്. 26 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. പുല്ലൂരാം പാറയിൽ ആണം അപകടം ഉണ്ടായത്. പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.
ബസിനടിയിൽ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചു. ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നിർത്തിയിരിക്കുകയാണ്. സംഭവത്തിൽ അടിയന്തരമായി അന്വേഷണ റിപ്പോർട്ട് നൽകാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകി.