ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ അഴിച്ച് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പുതിയ ആവശ്യം. പരിശോധന നടത്താന്‍ വനിതാ പൊലീസിനെ പോളിങ് സ്‌റ്റേഷനില്‍ നിയോഗിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഇനി നടക്കാനിരിക്കുന്ന രണ്ടു ഘട്ട തെരഞ്ഞെടുപ്പുകളിലും പരിശോധന നിര്‍ബന്ധമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ബുര്‍ഖധാരികളായ സ്ത്രീകള്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാറുണ്ടെന്നും ഇത് ഒഴിവാക്കാന്‍ തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെടുത്തി വിശദമായ പരിശോധന നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സമൂഹമാധ്യമങ്ങളിലും മറ്റും ബിജെപിക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നു. വര്‍ഗീയവല്‍ക്കരിച്ച് ബിജെപി രാഷ്ട്രീയത്തെ മലിനമാക്കുകയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകള്‍ പ്രശ്‌നരഹിതമായാണ് ഇതുവരെ നടന്നത്. ബിജെപിയുടെ മാനസിക രോഗത്തെയാണ് ഇത്തരമൊരു നീക്കം വ്യക്തമാക്കുന്നതെന്നും ബുര്‍ഖ ധരിക്കുന്നതിന്റെ പേരില്‍ സ്ത്രീത്വത്തെയും അതിന്റെ മാന്യതയെയും അപമാനിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മഹിള മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷയിസ്താ അംബര്‍ പറഞ്ഞു.