സംസ്ഥാനത്ത് ആവശ്യ സാധനങ്ങള്‍ക്ക് വരുന്ന പൊള്ളുന്ന വിലയില്‍ പ്രതിഷേധിച്ച് വനിതാ ലീഗ് സംസ്ഥാന കമ്മറ്റി വരുന്ന 14ന് കഞ്ഞി വെച്ച് പ്രതിഷേധിക്കും. കേരളക്കരയെ മദ്യലഹരിയിലാക്കാന്‍ വെമ്പല്‍ കൊള്ളുന്ന സര്‍ക്കാര്‍ വിലവിപണി നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. കേരള ജനത ഇത്തവണ ഓണം ഉണ്ണാന്‍ പറ്റാത്ത ഗതികേടിലാണ്. കിറ്റ് നല്‍കി അധികാരത്തില്‍ വന്നവര്‍ ഇന്ന് ഓണക്കിറ്റ് പോലും നല്‍കാതെ വോട്ട് തന്ന ജനങ്ങളെ പരിഹസിക്കുകയാണ് വനിതാ ലീഗ് സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി.
പൊതുവിപണിയില്‍ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവാത്ത സര്‍ക്കാര്‍ സിവില്‍ സ്‌പ്ലൈസ് സ്റ്റോറുകളില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അവശ്യ ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ദ്ധിച്ചിട്ടില്ലെന്ന് പ്രചരിപ്പിക്കുകയാണു. എന്നാല്‍ റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സിവില്‍ സ്‌പ്ലൈസ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാവാത്ത അവസ്ഥയാണുള്ളത്. വിലവര്‍ദ്ധനവുകൊണ്ട് പൊറുതിമുട്ടുന്ന വീട്ടമ്മമാര്‍ക്ക് ഇരട്ടി പ്രഹരമെന്നോണം കുത്തഴിഞ്ഞ മദ്യനയം കൂടി സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. മുഴുവന്‍ കുടുംബങ്ങള്‍ക്കും കിറ്റ് നല്‍കാന്‍ ആവില്ലെന്ന മുന്‍കൂര്‍ ജാമ്യം വകുപ്പ് മന്ത്രി ആദ്യമേ എടുത്തുകഴിഞ്ഞു.
ഓണക്കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ പൊതുവിപണിയില്‍ എത്രയും വേഗം സര്‍ക്കാര്‍ ഇടപെടുകയും സിവില്‍ സപ്ലൈസ് സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ വീട്ടമ്മമാര്‍ക്കുവേണ്ടി സമര പരിപാടികളുമായി വനിതാ ലീഗ് മുന്നോട്ട് പോകുകയാണ്.ഓഗസ്റ്റ് 14നു മുഴുവന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും വനിതാ ലീഗ് പ്രവര്‍ത്തകര്‍ കഞ്ഞിവച്ച് പ്രതിഷേധിക്കുമെന്ന് വനിതാ ലീഗ് സംസ്ഥാന കമ്മറ്റി അറിയിച്ചു.