ന്യൂഡല്‍ഹി: 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ചൂട് രേഖപ്പെടുത്തിയ വര്‍ഷമാണ് 2024. 1991-2020 കാലഘട്ടത്തെ ശരാശരിയേക്കാള്‍ 0.90 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഈ വര്‍ഷത്തെ ശരാശരി കുറഞ്ഞ താപനില.
2024ല്‍ ഇന്ത്യയില്‍ എല്ലായിടങ്ങളിലും ശരാശരി കര ഉപരിതല വായുവിന്റെ താപനില ദീര്‍ഘകാല ശരാശരിയേക്കാള്‍ 0.65 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി.
ഇതിന് മുമ്പ് 2016 ആയിരുന്നു 1991ന് ശേഷമുള്ള ചൂടേറിയ വര്‍ഷം. അന്ന് ഭൂമിയുടെ ഉപരിതല വായുവിന്റെ ശരാശരി താപനില സാധാരണയേക്കാള്‍ 0.54 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്.
കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഗ്രൂപ്പുകളുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടുകളായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷനും ക്ലൈമറ്റ് സെന്‍ട്രലും 2024ല്‍ ലോകം ശരാശരി 41 ദിവസം കൂടുതല്‍ അപകടകരമായ ചൂട് അനുഭവിച്ചതായി പറയുന്നു.
യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സിയായ കോപ്പര്‍നിക്കസിന്റെ അഭിപ്രായത്തില്‍, 2024 ഏറ്റവും ചൂടേറിയ വര്‍ഷമായും ആഗോള ശരാശരി താപനില പ്രി ഇന്‍ഡസ്ട്രിയല്‍ ലെവലിനേകാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ആദ്യ വര്‍ഷമായുമാണ് അവസാനിക്കുന്നത്.