ഓഗദൂഗു: പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ടര്‍ക്കിഷ് െറസ്‌റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ഓഗദൂഗുവില്‍ അസീസ് ഇസ്തംബൂള്‍ റെസ്‌റ്റോറന്റിന് പുറത്തിരിക്കുകയായിരുന്ന സന്ദര്‍ശകര്‍ക്കുനേരെ മൂന്ന് അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഒരു തുര്‍ക്കി പൗരനും ഫ്രഞ്ചുകാരനും കൊല്ലപ്പെട്ടവരില്‍ പെടും.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ അക്രമികള്‍ മൂന്നുപേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഖാഇദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളെയാണ് അധികൃതര്‍ സംശയിക്കുന്നത്. സഹ്ല്‍ മേഖലയില്‍ തീവ്രവാദികള്‍ സജീവമാണ്. ആക്രമണം അവസാനിച്ചതായും സമീപ കെട്ടിടങ്ങളില്‍ തെരച്ചില്‍ തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അസീസ് ഇസ്തംബൂള്‍ റെസ്റ്റോറന്റില്‍ വിദേശികള്‍ നിത്യസന്ദര്‍ശകരാണ്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ മോട്ടോര്‍സൈക്കിളിലാണ് അക്രമികള്‍ എത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് പറയുന്നു. വിദേശികളായിരിക്കും ഭീകരരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നു. ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അപലപിച്ചു. ബുര്‍ക്കിനാ ഫാസോ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
2016 ജനുവരിയില്‍ ഓഗദൂഗുവിലെ സ്‌പ്ലെന്‍ഡിഡ് ഹോട്ടലില്‍ 170ലേറെ പേരെ ബന്ദികളാക്കിയ ഭീകരര്‍ മുപ്പതു പേരെ കൊലപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖാഇദയുമായി ബന്ധമുള്ള ഇസ്്‌ലാമിക് മഗ്‌രിബ് ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. സഹല്‍ മേഖല കേന്ദ്രീകരിച്ച് ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദികള്‍ ബുര്‍ക്കിനാ ഫോസോയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാലി അതിര്‍ത്തിക്കു സമീപം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
- 7 years ago
chandrika
Categories:
Video Stories
ബുര്‍ക്കിനാ ഫോസോ റെസ്‌റ്റോറന്റില്‍ ഭീകരാക്രമണം; 20 മരണം
Tags: Burkina Feso