ദുബൈ: 2018 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകത്തെ ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഒരുക്കിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒരു കെട്ടിടത്തില്‍ ഒരുക്കിയ ഏറ്റവും വലിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്ന റെക്കോര്‍ഡാണ് 828 മീറ്റര്‍ ഉയരമുള്ള, ദുബൈയുടെ അഭിമാന സ്തംഭം സ്വന്തമാക്കിയത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് റെക്കോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കരിമരുന്നുകള്‍ ഒഴിവാക്കി ഇലക്ട്രോണിക് വെളിച്ചത്തിലായിരിക്കും ഇത്തവണ പുതുവര്‍ഷാഘോഷമെന്ന് ബുര്‍ജ് ഖലീഫ നിര്‍മാതാക്കളും പരിപാലകരുമായ എമാര്‍ കണ്‍സ്ട്രക്ഷന്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതുവര്‍ഷം പുലരുന്നതിനു 10 നിമിഷം മുമ്പ് കൗണ്ട്ഡൗണ്‍ ആയി തുടങ്ങിയ ഷോയ്ക്ക് ദുബൈ നഗരത്തില്‍ പതിനായിരക്കണക്കിനാളുകള്‍ സാക്ഷ്യം വഹിച്ചു.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്റെ നൂറാം ജന്മവാര്‍ഷികം ഉള്‍പ്പെടുന്ന 2018 ‘സായിദ് വര്‍ഷം’ ആയാണ് യു.എ.ഇ ആഘോഷിക്കുന്നത്. പുതുവത്സരാശംസകള്‍ക്കു പിന്നാലെ ഷെയ്ഖ് സായിദിന്റെ കൂറ്റന്‍ ചിത്രവും ബുര്‍ജ് ഖലീഫയില്‍ വെളിച്ചത്തില്‍ തെളിഞ്ഞു.
ഇതിനു പുറമെ ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പുതുവത്സര സന്ദേശങ്ങള്‍, അറബിക് കാലിഗ്രാഫി, ജ്യോമെട്രിക് രൂപങ്ങള്‍ എന്നിവയും 160 നിലകളുള്ള കെട്ടിടത്തിനു മേല്‍ തെളിഞ്ഞു.