X

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കില്ല

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. സംഭവം കൊലപാതകമല്ലെന്നും പൊലീസ് പറഞ്ഞു. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശികളുടെ അറിവില്ലായ്മ കാരണമാണ് മറവ് ചെയ്യുന്നതിന് മുമ്പ് ആരെയും അറിയിക്കാതിരുന്നതെന്നും പോത്തന്‍കോട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ ബന്ധുവായ നരേന്ദ്രന്‍ ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. നരേന്ദ്രനും ഭര്‍ത്താവ് ഗണേഷും പുറത്തുപോയപ്പോഴാണ് അമൃത പ്രസവിച്ചത്. പിന്നീട് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. രാത്രി 8 മണിയോടെയായിരുന്നു സംഭവം. എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് രാത്രിയോടെ അമൃതയെ തിരുവനന്തപുരം എസ് സി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ പ്രസവിച്ച കാര്യവും ഡോക്ടര്‍മാരോട് പറഞ്ഞില്ല. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ല് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്. കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചെന്നാണ്് യുവതി പൊലീസിനോട് പറഞ്ഞത്. പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ നേപ്പാളിലെ ആചാരപ്രകാരം കുഴിച്ചിടാറുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

 

 

 

 

webdesk17: