കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന യഹോവാ സാക്ഷികളുടെ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് 27.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണത്തിന്റേയും ഡയമണ്ടിന്റേയും ആഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍.
എളംകുളം ബോസ് നഗര്‍ പറയന്തറ വീട്ടില്‍ ജോര്‍ജ് പ്രിന്‍സിനെയാണ് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. യഹോവാ വിശ്വാസികൂടിയാണ് പ്രിന്‍സ്.ഞായറാഴ്ച രാവിലെ 8:30 മണിക്ക് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീടിന്റെ അടുക്കള വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് പ്രതി അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരകള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. മോഷ്ടിച്ച ആഭരണങ്ങള്‍ക്ക് 15 ലക്ഷം രൂപ വില വരുമെന്നാണ് ലഭിക്കുന്ന വിവരം.
മോഷണം നടക്കുമ്പോള്‍ തങ്കവും കുടുംബവും കളമശേരിയിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുന്‍ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. നോര്‍ത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.