X

കടമ്പൂരില്‍ ആളില്ലാത്ത നേരംനോക്കി വീട് കുത്തിത്തുറന്ന് മോഷണം; കവര്‍ന്നെടുത്തത് 16 പവന്‍

ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരില്‍ കുടുംബമില്ലാത്ത നേരത്ത് വീട് കുത്തി തുറന്ന് 16 പവന്‍ സ്വര്‍ണവും വെള്ളിയും കവര്‍ന്നു. കടമ്പൂര്‍ കോളനിപ്പടി കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജെയിംസിന്റെ വീട്ടില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളാണു കവര്‍ന്നത്. കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു. ഷെല്‍ബിയും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.

ഞായറാഴ്ച്ച വൈകീട്ട് 6 45 ഓടെ ഷെല്‍ബിയും ഭാര്യയും കുഞ്ഞും കടമ്പഴിപ്പുറത്തേക്കും അമ്മ മേരി പള്ളി പെരുന്നാളിനും പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. ഷെല്‍ബി രാത്രി 10.10 ഓടെ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. അമ്മയെ വിളിച്ച് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി കണ്ടത്. മാല, നെക്ലസ്, കുരിശ്, കമ്മല്‍ എന്നിങ്ങനെ 6.75 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ വെള്ളിയുടെ പാദസരമടക്കമുള്ള 60 ഗ്രാമിന്റെ ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് സ്വര്‍ണ്ണ വളകള്‍ മുക്കുപണ്ടമാണെന്ന് കരുതി മോഷ്ടാക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ മുന്‍വശത്തെ വാതില്‍ കമ്പി പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒറ്റപ്പാലം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൊബൈല്‍ ഫോണിന്റെ ബാക്ക് കവറിടുന്ന പ്ലാസ്റ്റിക് കവറില്‍ നിന്ന് ഒരു വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്.

ഷെല്‍ ബി ജെയിംസിന്റെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒറ്റപ്പാലം സി ഐ എം സുജിത്ത്, എസ് ഐ കെ ജെ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

webdesk13: